തൃശൂര്‍: ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിന് ആനകള്‍ വിരണ്ടോടി പാപ്പാനുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു ആനയിടഞ്ഞ് ഭീതി പരത്തിയത്. തറയ്ക്കല്‍ പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങിനായിരുന്നു സംഭവം. ആയിരങ്ങള്‍ ചടങ്ങ് കാണുന്നതിനിടയിലായിരുന്നു ഊരകം അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂര്‍ രവികൃഷ്ണന്‍ ഇടഞ്ഞത്. ഇടഞ്ഞ ആന പാപ്പാന്‍ ശ്രീകുമാറിനെ (56) കുത്താനും ചവിട്ടാനും ശ്രമിച്ചു. എങ്കിലും പാപ്പാന്‍ പരിക്കുകളോടെ അത്ഭുതകരമായി ആനയുടെ കൊലവെറിയില്‍ നിന്ന് രക്ഷപ്പെട്ടു.
പിന്നീട് ഇടഞ്ഞോടിയ കൊമ്പന്‍ ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേന്തിയ പുതുപ്പള്ളി അര്‍ജുനനെ ആക്രമിച്ചു. അര്‍ജുനനും വിട്ടില്ല. രണ്ട് കൊമ്പന്‍മാരും അല്‍പനേരം കൊമ്പുകോര്‍ത്തു. ഇതിനിടെ ജനം പരിഭ്രാന്തരായി ഓടി. ഓട്ടത്തിനിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം പരിക്കേറ്റിട്ടുണ്ട്്. പരിസരത്ത് കിടന്നുറങ്ങിയവര്‍ക്ക് ചവിട്ടേറ്റു. പുതുപ്പള്ളി അര്‍ജുനന്റെ പുറത്ത് കുടയേന്തിയിരുന്ന രാപ്പാള്‍ നടുവത്ത് മന നാരായണനും (36) നിലത്തുവീണ് പരിക്കേറ്റു.
പാപ്പാന്‍ ശ്രീകുമാറിനെയും, നാരായണനേയും കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുതുപ്പള്ളി അര്‍ജുനനും, രവികൃഷ്ണനും ഒരു കിലോ മീറ്ററോളം വിരണ്ടോടി. ആറാട്ടുപുഴ ശാസ്താം കടവ് പാലത്തിലൂടെയാണ് രവികൃഷ്ണന്‍ ഓടിയത്. ഈ സമയം ഇവിടെ നിരവധിയാളുകള്‍ നിന്നിരുന്നു. കൊമ്പന്‍ ആരെയും ഉപദ്രവിച്ചില്ല. എലിഫെന്റ് സ്‌ക്വാഡാണ് പിന്നീട് മുുളങ്ങില്‍ വെച്ച് ആനകളെ തളച്ചത്.