ഇ.ഡിയുടെ മാപ്പുസാക്ഷി ബി.ജെ.പിക്ക് പണം നല്‍കി
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് കാരണക്കാരനായ ഇ.ഡിയുടെ മാപ്പുസാക്ഷി ശരത്ചന്ദ്ര റെഡ്ഡി ബി.ജെ.പിക്ക് പണം നല്‍കിയാണ് കേസില്‍ മാപ്പുസാക്ഷിയായതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ഇതിന്റെ രേഖകള്‍ ആപ്പ് നേതാക്കളായ അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ഡല്‍ഹി മദ്യനയ കേസിലെ കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സ്‌ഫോടനാത്മകമായ വിവരങ്ങള്‍ പുറത്തുവിടുമെന്ന് നേരത്തെ എ.എ.പി അറിയിച്ചിരുന്നു.
കെജ്രിവാളിനെതിരെ ഒരു കുറ്റവും തെളിയിക്കാനായിട്ടില്ലെന്ന് എ.എ.പി നേതാക്കള്‍ പറഞ്ഞു. കേസില്‍ പ്രതിയായ ആളിപ്പോള്‍ മാപ്പുസാക്ഷിയാണ്. ജയിലില്‍ കിടന്നപ്പോഴാണ് ശരത്ചന്ദ്ര റെഡ്ഡി നിലപാട് മാറ്റിയത്. മദ്യനയത്തിലൂടെ അഴിമതിപ്പണം മുഴുവനും കിട്ടിയത് ബി.ജെ.പിക്കാണെന്നും ആം ആദ്മി ആരോപിച്ചു.
കെജ്രിവാളിന്റെ അറസ്റ്റിന് കാരണക്കാരനായ ഇ.ഡിയുടെ മാപ്പുസാക്ഷി ബി.ജെ.പിക്കായി 30 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായിയാണ് പി. ശരത് ചന്ദ്ര റെഡ്ഡി. അദ്ദേഹം ഡയറക്ടറായ അരബിന്ദൊ ഫാര്‍മ ലിമിറ്റഡിലുടെ ബി.ജെ.പിക്ക് 30 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയത്.
മദ്യനയ കേസില്‍ 2022 നവംബര്‍ 10നാണ് ശരത് ചന്ദ്ര റെഡ്ഡി അറസ്റ്റിലാവുന്നത്. ഇതിനുപിന്നാലെ അഞ്ച് ദിവസം കഴിഞ്ഞ് നവംബര്‍ 15ന് അരബിന്ദോ ഫാര്‍മ ലിമിറ്റഡ് ബി.ജെ.പിയുടെ അഞ്ച് കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങി. പിന്നീട് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയുമായി ശരത് ഡല്‍ഹി ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ഇ.ഡി എതിര്‍ത്തില്ല. 2023 മേയില്‍ കോടതി ജാമ്യം നല്‍കുകയും പിന്നീട് മാപ്പുസാക്ഷിയാകുകയും ചെയ്തു. ഇതിനു പിന്നാലെ അരബിന്ദോ ഫാര്‍മ ലിമിറ്റഡ് ബി.ജെ.പിയുടെ 25 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് കൂടി വാങ്ങിക്കൂട്ടി.
ആകെ 52 കോടിയുടെ ഇലക്ടറല്‍ ബോണ്ടാണ് അരബിന്ദോ ഫാര്‍മ വാങ്ങിയത്. ഇതില്‍ 30 കോടിയും ബി.ജെ.പിക്ക് ലഭിച്ചു. 15 കോടി ബി.ആര്‍.എസിനും 2.5 കോടി തെലുഗുദേശം പാര്‍ട്ടിക്കുമാണ് ബോണ്ട് വഴി സംഭാവന നല്‍കിയത്.
ഡല്‍ഹി മദ്യനയ കേസില്‍ ബി.ആര്‍.എസ് നേതാവും മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിതയും അറസ്റ്റിലാണ്. കവിതക്ക് ബന്ധമുള്ള കമ്പനിയാണ് അരബിന്ദോ ഫാര്‍മ. കെ. കവിത ഉള്‍പ്പെട്ട സൗത്ത് ഗ്രൂപ് ഡല്‍ഹിയിലെ മദ്യവ്യാപാരത്തിന്റെ നിയന്ത്രണം നേടാന്‍ പാകത്തില്‍ മദ്യനയത്തെ സ്വാധീനിക്കാന്‍ 100 കോടി രൂപ ആം ആദ്മി പാര്‍ട്ടിക്ക് സംഭാവന നല്‍കിയതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപണം.