തൃശൂര്‍: ശക്തമായ ത്രികോണമത്സരം നടക്കുന്ന തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരാണാധികാരിയായ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ മുന്‍പാകെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി നേതാക്കളായ അഡ്വ.കെ.കെ.അനീഷ്‌കുമാര്‍, എ.നാഗേഷ്, മുതിര്‍ന്ന നേതാവ് കെ.വി.ശ്രീധരന്‍ മാസ്റ്റര്‍, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡണ്ട് അതുല്യ ഘോഷ് എന്നിവര്‍ തുടങ്ങിയവര്‍ സുരേഷ്ഗോപിയെ അനുഗമിച്ചു. ബാര്‍ അസോസിയേഷനിലും, അഡ്വക്കറ്റ്‌സ് ക്ലാര്‍ക്ക് അസോസിയേഷന്‍ ഹാളിലും സുരേഷ്‌ഗോപി സന്ദര്‍ശനം നടത്തി.
അയ്യന്തോളിലെ സൈനിക സ്മാരകമായ അമര്‍ ജവാനിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷം റോഡ് ഷോയുടെ അകമ്പടിയോടെയാണ് സുരേഷ്ഗോപി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നാണ് സുരേഷ്‌ഗോപി കളക്ടറേറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. കളക്ടറേറ്റിലെ ജീവനക്കാരടക്കം സുരേഷ്‌ഗോപിയെ കാണാന്‍ എത്തിയത് തിക്കുംതിരക്കിനിടയാക്കി.
തിരഞ്ഞെടുപ്പ് തീയതി അടക്കുംതോറും ആവേശം കൂടിവരികയാണെന്ന് സുരേഷ്‌ഗോപി പറഞ്ഞു. നേരത്തെ തന്നെ ആത്മവിശ്വാസത്തോടെയാണ് താനെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ നടപടിയുണ്ടായില്ലെങ്കില്‍ ഇ.ഡിയുടെ വിശ്വാസ്യത തകരുമെന്നും അദ്ദേഹം പറഞ്ഞു.