കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ബലാല്‍സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം നല്കിയ അപ്പീല്‍ കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, എസ് മനു എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി. പ്രതിയുടെ അപ്പീലിലും സര്‍ക്കാരിന്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷന് ബഞ്ച് വിശദമായി വാദം കേട്ടിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായതിനാല്‍ പ്രതി വധശിക്ഷയ്ക്ക് അര്‍ഹനാണെന്ന് സര്‍ക്കാര്‍ വാദിച്ചു.