തൃശൂര്‍: പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാലയില്‍ ഇന്നലെയുണ്ടായ തീപ്പിടിത്തത്തില്‍ വന്‍നാശനഷ്ടം. അഗ്രശാലയുടെ ശീതികരിച്ച ഒന്നാം നിലയിലാണ് ഇന്നലെ രാത്രി എട്ടരയോടെ തീപ്പിടിത്തമുണ്ടായത്. ഒന്നാം നില നാമാവശേഷമായ നിലയിലാണ്. അഗ്നിരക്ഷാസേനയിലെ മൂന്ന് യൂണിറ്റുകള്‍ ഒന്നരമണിക്കൂറോളമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. 45 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എയര്‍ കണ്ടീഷണറുകള്‍, ഇന്റീരിയര്‍ ഡെക്കറേഷനടക്കം തീപ്പിടിത്തത്തില്‍ നശിച്ചു. കഞ്ഞികുടിക്കാനുള്ള പാളകള്‍, വര്‍ണക്കുടകളുടെ ശീലകള്‍ എന്നിവയും കത്തിനശിച്ചു. എ.സിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നും കരുതുന്നു.
അഗ്രശാലയില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നൃത്തപരിപാടി നടക്കുന്നുണ്ടായിരുന്നു. മുകളിലത്തെ നിലയില്‍ തീപടര്‍ന്നതോടെ നൃത്തപരിപാടിക്കെത്തിയവരെല്ലാം പുറത്തേക്കോടി.
ഇവിടെ അഗ്നിബാധ ഇതാദ്യമാണെന്നും, അട്ടിമറി സംശയിക്കുന്നതായും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് അറിയിച്ചു. സംഭവത്തില്‍ റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈസ്റ്റ് പോലീസ് സംഭവത്തില്‍ പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്.