ചാലക്കുടി: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കാട്ടാനയെ പരിശോധിക്കും. വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് എബ്രഹാം ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തുന്നത്. വെറ്റിലപ്പാറ 14ല്‍ കണ്ട കാട്ടാന ചാലക്കുടി പുഴ കടന്ന് രണ്ടാം ബ്ലോക്കില്‍ നിലയുറപ്പിച്ചു. ഭക്ഷണം ഉള്‍പ്പെടെ എടുക്കാന്‍ ആനയ്ക്ക് അവശതയുണ്ട്.
അതിരപ്പിള്ളി വനമേഖലയില്‍ മസ്തകത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ നാളെ വിദഗ്ധസംഘം പരിശോധിക്കും. വയനാട്ടില്‍ നിന്നും ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് തൃശൂരിലെത്തും.
നിലവില്‍ വെറ്റിനറി ഡോക്ടമാരായ ഡേവിഡ്, മിഥുന്, ബിനോയ് എന്നിവരടങ്ങുന്ന സംഘത്തിന്റെ നിരീക്ഷണത്തിലാണ് കാട്ടാന. ആനയുടെ മുറിവ് ഗുരുതരമല്ല എന്ന നിഗമനത്തിലാണ് നിലവില്‍ വനം വകുപ്പ്. എന്നാല്‍, മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്.
ദിവസങ്ങള്‍ക്കു മുമ്പാണ് ആനയെ മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ വനത്തിനുള്ളില്‍ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റതാകാം എന്നാണ് നിഗമനം. ആനയുടെ പരിക്ക് പരിഗണിച്ച് ആവശ്യമെങ്കില്‍ മയക്കുവെടി വയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദൗത്യത്തിന്റെ ഭാഗമായി വയനാട്ടില്‍ നിന്ന് കുങ്കിയാനയെ എത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.