തൃശ്ശൂര്‍: കേരള പോലീസില്‍ ആര്.എസ്.എസ്സുവത്കരണമെന്ന് സി.പി.എം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പോലീസില്‍ ഒരു വിഭാഗത്തിന് ആര്.എസ്.എസ്സുകാരോടാണ് കൂറെന്ന് പ്രതിനിധി സമ്മേളനത്തില്‍ നേതാക്കള്‍ ആരോപിച്ചു. കുന്നംകുളത്ത് നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ പ്രതിനിധികള്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.
ആഭ്യന്തരവകുപ്പിനും, പാര്‍ട്ടിക്കും പോലീസില്‍ നിയന്ത്രണം നഷ്ടമായി.
സി.പി.എം നേതാക്കള്‍ക്കും, അണികള്‍ക്കും പോലീസ് സ്റ്റേഷനുകളില്‍ പുല്ലുവില പോലുമില്ലെന്നും പ്രതിനിധിയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ആഭ്യന്തരവകുപ്പില്‍ ബ്യൂറോക്രാറ്റുകളുടെ ഭരണമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അമിതാധികാര പ്രയോഗം അതിരുവിട്ടു. ഇതെ തുടര്‍ന്ന് ജനകീയ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ചെല്ലാന്‍ ജനപ്രതിനിധികള്‍ക്ക് പോലും കഴിയുന്നില്ല .
ചേലക്കരയിലെ സ്ഥാനാര്‍ത്ഥി മാറ്റത്തിലും വിമര്‍ശനം ഉയര്‍ന്നു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തോറ്റിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നും പ്രതിനിധികള്‍ ചോദിച്ചു. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച വീട്ടമ്മമാരുടെ പെന്ഷന് നടപ്പാക്കാത്തതിലും വിമര്‍ശനം ഉയര്‍ന്നു. നഷ്ടമായ ജനകീയ അടിത്തറ വീണ്ടെടുക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
വനനിയമ ഭേദഗതി നടത്തി നടപ്പിലാക്കാന്‍ ശ്രമിച്ചത് തെറ്റായ നടപടിയാണ്, ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നതില്‍ ശരികേടുണ്ടെന്നും നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.