തൃശൂര്‍: പ്രസ് ക്ലബ് നടത്തിയ മുഖാമുഖത്തില്‍ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുതലോടെയുള്ള പ്രതികരണങ്ങളുമായി സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി പ്രതിനിധികള്‍. അടുത്തയിടെ തിരഞ്ഞെടുക്കപ്പെട്ട സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുള്‍ ഖാദര്‍, ഡി.സി.സി പ്രസിഡണ്ട് ജോസഫ് ടാജറ്റ്, ബി.ജെ.പി തൃശൂര്‍ സിറ്റി പ്രസിഡണ്ട്് ജസ്റ്റിന് ജേക്കബ് എന്നിവരായിരുന്നു പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിച്ചത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ തിരിച്ചുവരവ് ജനം ആഗ്രഹിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡണ്ട് ജോസഫ് ടാജറ്റ് പറഞ്ഞു. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊണ്ട് തിരുത്തലുകള്‍ വരുത്തും. വരുന്ന തദ്ദേശ, നിയമസഭാ തിരതിരഞ്ഞെടുപ്പുകളില് യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി പാര്‍ട്ടിയെ അടിത്തട്ടുമുതല്‍ ശക്തമാക്കും. തൃശൂര്‍ പൂരം പോലുള്ള ആഘോഷങ്ങളെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത്. പൂരം സുഗമമായി നടക്കണം. അതിനായി ക്രിയാത്മകമായി സഹകരിച്ച് പ്രവര്‍ത്തിക്കും. തൃശൂരിന്റെ മതേതരമുഖം, നഷ്ടമായി തൃശൂര്‍ പൂരം അടക്കം ബ്രാന്‍ഡ് ചെയ്യപ്പെടുന്നു. തൃശൂരിന്റെ പാരമ്പര്യമായിരുന്ന വൈരക്കല്‍, ഓട് വ്യവസായങ്ങളൊക്കെ ഇല്ലാതായി. സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ സജീവമായി ഇടപെടും. വായ്പയെടുത്തവരും കടബാധ്യതയുള്ളവരുമാണ് ഇന്ന് കൂടുതലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.എം, ബി.ജെ.പി ഭായി-ഭായി ബന്ധമെന്ന് ടാജറ്റ് ചൂണ്ടിക്കാട്ടി. കരുവന്നൂര്‍, കൊടകര കള്ളപ്പണക്കേസുകളില്‍ ഇ.ഡിയുടെ അന്വേഷണത്തില്‍ ഇക്കാര്യം തെളിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ പരാജയം സംബന്ധിച്ച് പഠിച്ച കെ.പി.സി.സി അന്വേഷണറിപ്പോര്‍ട്ട് കണ്ടിട്ടില്ല. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നേതൃത്വം പരിശോധിക്കും. തിരുത്തലുകള്‍ വരുത്തും. വ്യക്തിപരമായ ഗ്രൂപ്പുകള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇല്ല ഡി,സി.സി പുന: സംഘടന വൈകുമെന്നും ടാജറ്റ് അറിയിച്ചു..
കേരളത്തില്‍ നടക്കുന്ന ഇ.ഡി. അന്വേഷണത്തില്‍ ഇരട്ടത്താപ്പെന്ന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുള്‍ ഖാദര്‍ ആരോപിച്ചു. കൊടകര കുഴപ്പണക്കേസില്‍ ഇ.ഡി. അന്വേഷണം വെറും പ്രഹസനമായി. ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി ഇ.ഡി.എടുത്തിട്ടില്ല. ബി.ജെ.പി ഭാരവാഹികള്‍ ഉള്‍പ്പെട്ട കൊടുങ്ങല്ലൂര്‍ കള്ളനോട്ട് കേസും ഇ.ഡി. കണ്ടില്ലെന്ന് നടിച്ചു. സി.പി.എമ്മിന്റെ പാര്‍ട്ടി ഫണ്ട് പോലും ഇ.ഡി. മരവിപ്പിച്ചു. എല്‍.ഡി.എഫ് അധികാരത്തിലെത്തിയത് മുതല്‍ ഇ.ഡിയുടെ വേട്ടയാടല്‍ തുടരുകയാണ്. തൃശൂര്‍ വലിയ വികസനം നടത്തുമെന്ന് പറഞ്ഞ സുരേഷ്ഗോപി എവിടെയെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്തായി. കേന്ദ്ര ബജറ്റില്‍ തൃശൂരിന് പേരിന് പോലും പദ്ധതിയില്ല. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസില്‍ ജനാധിപത്യരീതിയില്‍ സംഘടനാ തിരഞ്ഞെടുപ്പുണ്ടോ, കെ.പി.സി.സി അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരണം. കരുവന്നൂര്‍ സഹകരണബാങ്ക് പഴയപ്രതാപത്തിലേക്ക് വരുന്നു. അവിടെ അഴിമതി നടന്നുവെന്നത് സത്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എല്‍.ഡി.എഫിന് തിരിച്ചടിയുണ്ടായി. കുറവുകള്‍ പരിഹരിച്ച് മുന്നോട്ടുപോകും. പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറാന്‍ കഴിയുന്ന കരുത്തുന്ന പ്രസ്ഥാനമാണ് സി.പി.എമ്മെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പി്ല്‍ തൃശൂര്‍ ജില്ലയില്‍ 12 സീറ്റുകള്‍ നേടിയ കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു സര്‍ഗാത്മകമാകണം വിദ്യാര്‍ത്ഥി രാഷ്ട്രീയം, കലാലയങ്ങളിലെ റാഗിംഗ് എതിര്‍ക്കപ്പെടേണ്ടതാണ്, കെ.ആര്.തോമസ്, ഇ.കെ.ബാലന്, കൊച്ചനിയന് തുടങ്ങി നിരവധി പേരാണ് കലാലയങ്ങളിലെ കലാപരാഷ്ട്രീയത്തിന്റെ പേരില്‍ പാര്‍ട്ടിക്ക് നഷ്ടമായത്. ലഹരി ഉപയോഗം സമൂഹത്തില്‍ മഹാവിപത്തായി മാറിയിരിക്കുകയാണ്. മയക്കുമരുന്നിന്റെ വ്യാപനത്തെ ഒറ്റക്കെട്ടായി ചെറുക്കണം. വിദേശത്ത് പോയി പഠിക്കുന്നവര്‍ തൊഴിലെടുക്കാന്‍ നാട്ടില്‍ തിരിച്ചവരണം.
തൃശൂര്‍ പുരം ഈ നാടിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. ഉത്സവങ്ങളെല്ലാം തടസ്സമില്ലാതെ ഭംഗിയായി നടക്കണം. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പെസോ ഏര്‍പ്പെടുത്തിയ ചില പുതിയ നിബന്ധനകളാണ് വെടിക്കെട്ടിന് തടസ്സമായതെന്നും ഇക്കാര്യം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി താന്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പൂരമടക്കം ഭംഗിയായി നടക്കണമെന്നുള്ളതുകൊണ്ടാണ് നേരത്തെ തന്നെ മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ വിജയം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കുമെന്ന് ബി.ജെ.പി സിറ്റി പ്രസിഡണ്ട് ജസ്റ്റിന് ജേക്കബ് അവകാശപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മുന്നിട്ടു നിന്ന 27 പഞ്ചായത്തുകളില്‍ എന്‍.ഡി.എയെ അധികാരത്തിലെത്തിക്കുന്നതിന് സംഘടനയെ ഒരുക്കും.മറ്റ് വാര്‍ഡുകളിലും പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. ലഹരി ഉപയോഗം, റാഗിംഗ് പോലുള്ള വിഷയങ്ങളില്‍ പൊതുസമൂഹത്തിനൊപ്പം നിന്ന് പ്രതിരോധം തീര്‍ക്കും.