തിരുവനന്തപുരം: ഒരു മാസത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകരുമായി സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം.
ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ആശാ വര്‍ക്കര്‍മാര്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണണമെന്ന മന്ത്രിയുടെ നിര്‍ദേശത്തിന് സമരക്കാര്‍ വഴങ്ങിയില്ല. സമരം തുടരുമെന്ന് ആശാ വര്‍ക്കര്‍മാര്‍ പ്രഖ്യാപിച്ചു.
നാളെ തുടങ്ങാനിരിക്കുന്ന നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണില്‍ പൊടിയിടാനുള്ള ഒരു ചര്‍ച്ച മാത്രമായിരുന്നു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സമരക്കാര്‍ ആരോപിച്ചു. പുതിയ നിര്‍ദ്ദേശങ്ങളോ പരിഗണനകളോ ഒന്നും ചര്‍ച്ചയിലുണ്ടായില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ ആരോപിച്ചു.
നേരത്തെ എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററുമായുള്ള ചര്‍ച്ചയിലും തീരുമാനമായില്ല.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓണറേറിയം സംബന്ധിച്ചുള്ള വിചിത്രമായ ഉത്തരവിനെ കുറിച്ചാണ് ചര്‍ച്ച നടന്നത്. സമരത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്ന് ചര്‍ച്ചയില്‍ എന്‍എച്ച്എം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്നും സമയം കൊടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതീക്ഷയോടെയാണ് തങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നതെന്നും എന്നാല്‍ നിരാശയോടെയാണ് മടങ്ങുന്നതെന്നും മിനി പറഞ്ഞു.