തൃശൂര്‍: ആനപ്പുറത്ത് അഴകായി ആവേശമായി വര്‍ണക്കുടകള്‍ ഉയരുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് പൂരപ്രേമികള്‍. വടക്കുന്നാഥക്ഷേത്രത്തിലെ തെക്കേഗോപുരനടയില്‍ വര്ണക്കുടമാറ്റത്തിന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ 50 സെറ്റ് കുടകളാണ് ഒരുക്കുക. ഇരുവിഭാഗങ്ങളുടെയും പതിനഞ്ച് വിഭാഗം ആനകള്‍ അഭിമുഖമായി അണിനിരക്കും. ഓരോ വിഭാഗത്തിനും പതിനഞ്ച് വീതം കുടകള്‍ ആനപ്പുറത്ത് മഴവില്‍വര്‍ണം തീര്‍ക്കും.
തുടര്‍ന്ന് ജനലക്ഷങ്ങള്‍ക്ക് മതിവരാക്കാഴ്ചയായി കുടമാറ്റും അരങ്ങേറും.
മാസങ്ങള്‍ക്ക് മുന്‍പേ കുടകളുടെ നിര്‍മാണം തുടങ്ങും. അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് കുടകള്‍ക്കുള്ള ശീലകള്‍ വാങ്ങുന്നത്. ചെന്നൈയിലും സൂററ്റിലും വരെ ദേവസ്വം ഭാരവാഹികള്‍ ശീല വാങ്ങാനെത്താറുണ്ട്. വെല്‍വെറ്റ്, സാറ്റിന്, ബ്രോക്കേഡ് തുടങ്ങിയ തുണികള്‍ സൂററ്റില്നിന്നുമാണ് എത്തിക്കുന്നത്. ചൂരല്‍കൊണ്ട് ഫ്രെയിം തീര്‍ത്ത് അതിലേക്കാവശ്യമായ തുണി മുറിച്ചെടുത്ത് സ്റ്റിച്ച് ചെയ്ത് അലുക്കുകള്‍ പിടിപ്പിച്ചാണ് ഓരോ കുടയും ഒരുക്കുന്നത്. ഇതിനായി ഒരു കുടയ്ക്കുമാത്രം മൂന്നുമീറ്ററോളം തുണിയുടെ ആവശ്യം വരും. കുന്നത്തങ്ങാടി സ്വദേശി വത്സനാണ് പാറമേക്കാവ് വിഭാഗത്തിന്റെ കുട നിര്‍മ്മാണത്തിന്റെ ചുമതല. പാറമേക്കാവ് വിഭാഗത്തിന് വേണ്ടി നാല്പത്തിയഞ്ചാം വര്‍ഷമാണ് വസന്തന് കിഴക്കേപുരയ്ക്കല്‍ കുടകള്‍ ഒരുക്കുന്നത്.
മുന്‍പ് വസന്തന്റെ പിതാവ് കുട്ടപ്പനായിരുന്നു കുടകളുടെ നിര്‍മ്മാണച്ചുമതല.
മൂന്ന് ദിവസം വരെ കുടകള്‍ നിര്‍മ്മിക്കാന്‍ സമയം വേണ്ടിവരാറുണ്ട്. മൂന്ന് മാസം മുന്‍പ് തന്നെ ഇരുപതോളം പേര് ചേര്‍ന്ന് കുടകള്‍ നിര്‍മ്മിച്ചു തുടങ്ങി.
കഴിഞ്ഞ പതിനാറ് വര്‍ഷമായി അരണാട്ടുകര സ്വദേശി പുരുഷോത്തമനാണ് തിരുവമ്പാടി വിഭാഗത്തിന്റെ കുടകളുടെ ചുമതല. രാവിലെ തന്നെ കുട നിര്‍മ്മാണം തുടങ്ങും. പൂരം അടുക്കുമ്പോള്‍ രാവും പകലും കുട നിര്‍മാണം തുടരും
തൃശൂര്‍ പൂരം: നിറവസന്തം തീര്‍ക്കാന്‍ വര്‍ണക്കുടകള്‍ ഒരുങ്ങുന്നു
