തൃശൂര്‍: മതിവരാകാഴ്ചകളുടെ ആഘോഷമായ തൃശൂര്‍ പൂരത്തിന് പൂരപ്രേമികളെ വരവേല്‍ക്കാന്‍ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ വൈദ്യുതാലംകൃതമായ പൂരപ്പന്തലുകളുടെ നിര്‍മാണം അവസാനഘട്ടത്തിലെത്തി. സ്വരാജ് റൗണ്ടിലെ മൂന്ന് ബഹുനിലപ്പന്തലുകളും ഇക്കുറി ഡിജിറ്റലാകും. വര്‍ണദീപങ്ങളാല്‍ അലംകൃതമായ പന്തലുകളില്‍ തെളിയുന്ന ചിത്രങ്ങളും ദൃശ്യങ്ങളും കാണികള്‍ക്ക് അപൂര്‍വ വിരുന്നാകും.
മെയ് 4ന് സാമ്പിള്‍ വെടിക്കെട്ടിന് മുന്‍പായി പന്തലുകളില്‍ വൈദ്യുതിദീപങ്ങള്‍ തെളിയും.
സ്വരാജ് റൗണ്ടില്‍ പടിഞ്ഞാറ്, തെക്ക്, വടക്ക് ഭാഗങ്ങളിലാണ് പൂരപ്പന്തല്‍. പാറമേക്കാവിനു മണികണ്ഠനാലില്‍ മാത്രമാണ് പന്തല്‍. തിരുവമ്പാടിക്ക് നടുവിലാലിലും നായ്ക്കനാലിലും പന്തലുകളുണ്ട്. പാറമേക്കാവിന്റെ മണികണ്ഠനാല്‍ പന്തലിന്റെ നിര്‍മ്മാണം എടപ്പാള്‍ സ്വദേശി നാദം ബൈജുവിനാണ്.
108 അടി ഉയരത്തില്‍ നാലു നിലകളിലാണ് പന്തല്‍ ഉയരുക. ഒരുലക്ഷത്തിലധികം ഡിജിറ്റല്‍ ലൈറ്റുകള്‍ ദൃശ്യചാരുത ചൊരിയും. തിരുവമ്പാടിയുടെ നടുവിലാലിലെ പന്തലിന്റെ നിര്‍മാണം ചെറുതുരുത്തി സ്വദേശി സെയ്തലവിയാണ് ഏറ്റെടുത്തിരിക്കുന്നത്. തൃശൂര്‍ 110 അടിയോളം ഉയരത്തില്‍ ഗോപുരമാതൃകയിലാണ് പന്തല്‍. തിരുവമ്പാടിയുടെ നായ്ക്കനാല്‍ പന്തലിന് ഈ വര്‍ഷവും ചേറൂര്‍ സ്വദേശി പള്ളത്ത് മണികണ്ഠനാണ് നേതൃത്വം നല്‍കുന്നത്.