തൃശൂര്‍: പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതുന്നവര്‍ക്കായി മോഡല്‍ ബോയ്സ് സ്കൂളില്‍ നടത്തുന്ന സാക്ഷരതാ മിഷന്റെ ക്ലാസിലെ ‘സീനിയറി’ ന് 71 വയസ്സാണ്. ഏഴാം ക്ലാസ് പാസായെങ്കിലും ജീവിതവൃത്തിക്കായി പഠനം നിര്‍ത്തിയ 71 കാരി തൃക്കൂര് സ്വദേശി എലവത്തിങ്കല്‍ മേരിക്ക് തുല്യതാ പരീക്ഷയെഴുതാന്‍ പ്രചോദനമായത് മക്കളും, പള്ളി വികാരിയും. ക്ലാസില്‍ ചേര്‍ന്നതോടെ മുട്ടുവേദനയും, ക്ഷീണവും മാറി, കുട്ടികളുടെ ചുറുചുറുക്കോടെയാണിപ്പോള് ബസില്‍ കയറി പഠനത്തിനെത്തുന്നതെന്ന് അവര്‍ പറഞ്ഞു. ഇംഗ്ലീഷും ഹിന്ദിയുമാണ് ഇഷ്ട വിഷയം. കണക്ക് മാത്രം ഓര്‍ത്തെടുക്കാന്‍ ഇത്തിരി കഷ്ടമാണെന്നും മേരി കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു. വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. അടുത്ത് മക്കളുടെ വീടുണ്ട്. പേരക്കുട്ടികള്‍ക്കൊപ്പം സീനിയര്‍ വിദ്യാര്‍ത്ഥിയായി മുത്തശ്ശിയും.
തുല്യതാ ക്ലാസില്‍ 116 പേരുണ്ട്. നവംബറില്‍ തുടങ്ങിയ ക്ലാസില്‍ ഇതുവരെ മുടങ്ങിയിട്ടില്ലെന്നും അവര്‍ അറിയിച്ചു. എല്ലാ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 10.30 മുതല്‍ 4.30 വരെയാണ് ക്ലാസ്. എന്റെ കേരളം മെഗാ പ്രദര്‍ശനമേളയില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ മേരിയെ ആദരിച്ചിരുന്നു.