തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഡിജിപിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അരങ്ങേറിയത്് നാടകീയരംഗങ്ങള്‍. വാര്‍ത്താസമ്മേളനത്തില്‍ അതിക്രമിച്ചുകയറി മുന്‍പോലീസ് ഉദ്യോഗസ്ഥന്‍ പരാതി ഉന്നയിച്ചു. ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’ എന്ന ചിത്രത്തിനെതിരേ. ‘നരിവേട്ട’യില്‍ തന്റെ പേര് ദുരുപയോഗംചെയ്തെന്നാണ് വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ ബഷീര്‍ ഇ.പിയുടെ ആരോപണം. ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേനയാണ് ബഷീര്‍ കോണ്‍ഫറന്‍സ്് ഹാളിലെത്തിയത്.
ഡിജിപിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ്്് പെന്‍ഷന്‍ കാര്‍ഡ് കാണിച്ചാണ് ഇയാള്‍ ആദ്യം അകത്തേക്ക് കടന്നത്.
മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തീയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയില്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ പേര് ഉപയോഗിച്ചു എന്നാണ് ബഷീറിന്റെ പരാതി. ‘നരിവേട്ട’യില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ബഷീര്‍ എന്ന കഥാപാത്രത്തെ ലക്ഷ്യമിട്ടാണ് ബഷീറിന്റെ ആരോപണം. മുത്തങ്ങ സംഭവം നടക്കുമ്പോള്‍ താന്‍ കണ്ണൂര്‍ ഡിഐജി ഓഫീസില്‍ ജോലിചെയ്യുകയായിരുന്നുവെന്ന് ബഷീര്‍ പറഞ്ഞു.
‘മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയില്‍ എന്റെ അറിവോ സമ്മതമോ ഇല്ലാതെ പോലീസ് ഉദ്യോഗസ്ഥന്മാര്‍ എന്റെ പേര് ഉപയോഗിച്ചു. ചിത്രത്തില്‍ ബഷീര്‍ എന്ന ഒരു കഥാപാത്രമുണ്ട്. ആ സമയത്ത് കണ്ണൂര്‍ ഡിഐജി ഓഫീസില്‍ ജോലിചെയ്ത ബഷീര്‍ എന്ന ഉദ്യോഗസ്ഥനാണ് ഞാന്‍. എന്റെ പേര് അറിവോ സമ്മതമോ ഇല്ലാതെ സിനിമാക്കാര്‍ തരുന്ന കാശിന് വേണ്ടി ദുരുപയോഗം ചെയ്തു. പോലീസില്‍ കുറച്ചുകാലം പണിയെടുത്ത് സിനിമയുടെ മായിക ലോകത്ത് പോയ പോലീസുകാരാണ് ഇതിന്റെ തിരക്കഥ ഉണ്ടാക്കിയത്’, ബഷീര്‍ ആരോപിച്ചു.
മുപ്പതുവര്‍ഷത്തോളം സര്‍വീസിലുണ്ടായിരുന്നു. ഗള്‍ഫ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പ്രതിനിധിയാണ് താന്‍. സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍ ഇരുന്ന തന്നെ നിര്‍ബന്ധപൂര്‍വം വാര്‍ത്താസമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് അയച്ചതാണ്. ഡിജിപി ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് അലങ്കോലപ്പെടുത്തണമെന്ന ഉദ്ദേശമില്ലായിരുന്നുവെന്നും ബഷീര്‍ പറഞ്ഞു.