ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിനയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. കൊച്ചിയിലും കൊല്ലത്തും, തൃശൂരിലും കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞിട്ടു.
പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചു. പണിമുടക്ക് അനുകൂലികള്‍ സര്‍വീസ് നടത്താന്‍ തയ്യാറായ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി. പശ്ചിമ ബംഗാളിലും പണി മുടക്ക് ശക്തമാണ്. പണിമുടക്ക് പൊതുഗതാഗത സംവിധാനങ്ങളെ ബാധിച്ചെങ്കിലും സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ബിഹാറില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ കാര്യമായ സ്വാധീനമുണ്ടാക്കിയിട്ടില്ല.
കേരളത്തില്‍ ദശീയ പണിമുടക്കിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ് ഭരണത്തിലെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാര്‍ ജോലിക്ക് ഹാജരാകാതെ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ്നോണായി കണക്കാക്കും.