സന: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. ആക്ഷന്‍ കൗണ്‍സിലാണ് തീരുമാനം സ്ഥിരീകരിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ലെന്ന് വിദേശ കാര്യമന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരിച്ചു. നാളെയായിരുന്നു വധശിക്ഷ നടപ്പാക്കാനിരുന്നത്. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം യമനില്‍ ആരംഭിച്ചത്. ഗോത്ര നേതാക്കളും, തലാലിന്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ചര്‍ച്ചകളില്‍ പങ്കാളികളായിരുന്നു.
ഇതിനിടെ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം സനയിലെ കോടതി പരിഗണിക്കുകയാണ്. വധശിക്ഷ മരവിപ്പിക്കണമെന്നാണ് ആവശ്യം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള കോടതിയാണ് സനയിലേത്. വധശിക്ഷ നീട്ടിവെക്കുന്നതിനെ തലാലിന്റെ കുടുംബം എതിര്‍ത്തില്ലെന്നും വധശിക്ഷ റദ്ദാക്കണമെന്നുമാണ് കോടതയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.