Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കോരിച്ചൊരിഞ്ഞ് കര്‍ക്കിടക മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയില്‍ വടക്കന്‍ ജില്ലകളില്‍ വ്യാപക നാശം. കോഴിക്കോട് കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം മണ്ണിടിഞ്ഞ് വീണ് പൂര്‍ണമായും തടസപ്പെട്ടു. കോഴിക്കോട് വിലങ്ങാട് പാലത്തില്‍ വെള്ളം കയറി. പുല്ലുവ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. കോഴിക്കോട് കടന്തറ പുഴയില്‍ മലവെള്ള പാച്ചിലുണ്ടായി. മരുതോങ്കര പശുക്കടവ് മേഖലകളില്‍ നിന്നും 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോട് ചെമ്പനോടയില്‍ നിന്നും 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പെരുവണ്ണാമൂഴി,ചെമ്പനോട പാലത്തില്‍ വെള്ളം കയറി.

തൊട്ടില്‍പ്പാലം പുഴയിലും മലവെള്ള പാച്ചിലുണ്ടായി. ദേശീയപാതയില്‍ കോഴിക്കോട് കൊല്ലഗല്‍ റോഡില്‍ ഈങ്ങാപ്പുഴയില്‍ റോഡില്‍ വെള്ളം കയറി. വിഷ്ണുമംഗലം ബണ്ട് കവിഞ്ഞൊഴുകി. സമീപ പ്രദേശങ്ങളായ ചെറുമോത്ത് റോഡില്‍ വെള്ളം കയറി ഗതാഗതം തടസപെട്ടു. കരിങ്ങാട്,കൈവേലി റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപെട്ടു. കുറ്റ്യാടി മരുതോങ്കര, കൂരാച്ചുണ്ട് മേഖലയിലും ശക്തമായ മഴ പെയ്തു.

താമരശ്ശേരി ഈങ്ങാപ്പുഴ മസ്ജിദില്‍ വെള്ളം കയറി. കാസര്‍കോട് ചെറുവത്തൂര്‍ കുളങ്ങാട് മലയില്‍ മണ്ണിടിച്ചിലുണ്ടായി. അപകട ഭീഷണിയെ തുടര്‍ന്ന് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിയിരുന്നു. നേരത്തെ മലയില്‍ വിള്ളലുണ്ടായിരുന്നു. അപകട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കാസര്‍കോട് ചിത്താരിക്ക് അടുത്ത് റെയില്‍വേ ഗേറ്റ് മുറിയില്‍ വെള്ളം കയറി. കണ്ണൂര്‍ തുടിക്കാട്ട് കുന്നില്‍ മണ്ണിടിച്ചിലുണ്ടായി. കുന്നിന് മുകളില്‍ താമസിക്കുന്നവരെ മാറ്റി. ചാവശ്ശേരി ഇരിക്കൂര്‍ റോഡില്‍ ഗതാഗത തടസമുണ്ടായി. മട്ടന്നൂര്‍ ചാവശ്ശേരിയില്‍ നിന്നും പഴശ്ശി ഡാം വഴി ഇരിക്കൂറിലേക്ക് പോകുന്ന റോഡില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു.

പാലക്കാട് അലനല്ലൂര്‍ എടത്തനാട്ടുകര പാതയില്‍ കണ്ണംകുണ്ട് പാലത്തില്‍ വെള്ളം കയറി. പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിര്‍ത്തി.

താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നേരത്തെ ഉരുള്‍പ്പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍ മല മേഖലകളില്‍ പ്രവേശനം നിരോധിച്ചു.

മഴ ശക്തമായതോടെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. 5 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കോഴിക്കോട്, കാസര്‍കോട്, വയനാട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലാണ് അവധി. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.

Leave a Comment

Your email address will not be published. Required fields are marked *