കൊല്ലം ഒരിക്കല്‍ കൂടി മിഥുന്‍ സ്‌കൂളിലെത്തി. ബാഗും, കുടയും നിറഞ്ഞ ചിരിയുമില്ലാതെയായിരുന്നു അവന്റെ വരവ്. ഇത്തവണ ഒറ്റയ്ക്കായിരുന്നില്ല, ജനപ്രതിനിധികളും, നാട്ടുകാരും, വാഹനങ്ങളുമായി വിലാപയാത്രയുടെ അകമ്പടിയോടെയായിരുന്നു അവന്റെ വരവ്.
പുറത്തെ തോരാമഴയും, മഴ നനഞ്ഞ മൈതാനവും, നിറകണ്ണുമായി നില്‍ക്കുന്ന കൂട്ടുകാരെയും കാണാതെ ഫ്രീസറിനുള്ളില്‍ മിഥുന്‍ അവസാന ഉറക്കത്തിലായിരുന്നു.
കളിയും, കുസൃതികളും ഇനിയില്ലെന്ന തിരിച്ചറിവിന്റെ തീരാവേദനയിലായിരുന്നു സഹപാഠികള്‍.
നാടിന്റെ നെറികെട്ട സിസ്റ്റത്തിന്റെ രക്തസാക്ഷിയായ മിഥുന്‍ നാടിന്റെ നോവായി. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ആയിരങ്ങളെത്തി. വീട്ടുവളപ്പില്‍ ഇന്ന്് നാല് മണിയോടെയാകും സംസ്‌കാരം.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ 10 മണിയോടെയാണ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് എത്തിച്ചത്. വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം.മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ സംസ്‌കാര ചടങ്ങുകള്‍ക്കെത്തും.
അതേസമയം കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ തുടര്‍നടപടികള്‍ ഉണ്ടാകും.വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് സ്‌കൂള്‍ പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡി ഇ ഒയുടെ ചുമതല വഹിച്ചിരുന്ന എ ഇ ഒ ആന്റണി പീറ്ററില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ഇദ്ദേഹം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.നടപടി എടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ മാനേജ്‌മെന്റിനും നോട്ടീസ് നല്‍കി.