കണ്ണൂര്‍: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിക്കും സംഘത്തിനുമെതിരെ പോലീസ് കേസെടുത്തു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെയാണ് തലശ്ശേരി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. തെളിവില്ലാത്തതിനാല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്ന പൊലീസ്, ഒടുവില്‍ സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു
തലശ്ശേരി അസിസ്റ്റൻ്റ സൂപ്രണ്ട് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും പരിശോധിച്ചാണ് അബ്കാരി നിയമപ്രകാരം സ്വമേധയാ കേസെടുത്തതെന്ന് തലശ്ശേരി പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞുവരുന്ന സുനില്‍ കുമാര്‍ (കൊടി സുനി), മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെ വിചാരണയ്ക്കായി ജൂണ്‍ 17ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തലശ്ശേരി കോടതിയില്‍ ഹാജരാക്കി. കോടതി നടപടികള്‍ക്കു ശേഷം തിരിച്ചുപോകവെ വൈകുന്നേരം 4 മണിയോടെ കോടതിക്കു സമീപത്തുള്ള വിക്ടോറിയ ഹോട്ടലില്‍ പ്രതികള്‍ എത്തി. പൊലീസുകാരുടെ നിരീക്ഷണത്തില്‍ നിന്നും മാറി പൊതുസ്ഥലമായ ഹോട്ടലിന്റെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വച്ച് സുഹൃത്തുക്കളോടൊപ്പം പരസ്യമായി മദ്യപിക്കുകയായിരുന്നു. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായെന്നും എഎഫ്‌ഐആറില്‍ പറയുന്നു. തലശ്ശേരി പൊലീസ് എസ്‌ഐ പി.ഷമീലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാനാകില്ലെ എന്ന നിലപാടിലായിരുന്നു പൊലീസ്. സിസിടിവി ദൃശ്യത്തില്‍ നിന്ന്, കുടിച്ചത് മദ്യമാണെന്ന് തെളിയിക്കാന്‍ സാധിക്കില്ലെന്നും കോടതിയില്‍ പോയാല്‍ കേസ് തള്ളിപ്പോകുമെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാല്‍ അതേ പൊലീസ് തന്നെ ഇപ്പോള്‍, കുടിച്ചത് മദ്യമാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി എഎഫ്‌ഐആറില്‍ പറയുന്നു. പരാതിയില്ലാത്തതിനാല്‍ കേസെടുക്കുന്നില്ലെന്നും പൊലീസ് പറഞ്ഞതോടെ കെഎസ്യു പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ നിലവില്‍ പൊലീസ് സ്വമേധയായാണ് കേസെടുത്തത്.
കൊടി സുനിയുടെ പരസ്യ മദ്യപാനത്തില്‍ പൊലീസ് കേസെടുത്തു
