തൃശൂര്‍: വര്‍ണക്കുടകള്‍ നിറക്കാഴ്ചയൊരുക്കുന്ന വടക്കുന്നാഥക്ഷേത്ര തെക്കേഗോപുരനടയില്‍ അത്തം നാളിലെ ഭീമന്‍ പൂക്കളം കാണാന്‍ വന്‍ജനപ്രവാഹം. പൂക്കളം കാണാനും സെല്‍ഫിയെടുക്കാനും സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ രാവിലെ മുതല്‍ തേക്കിന്‍കാട് മൈതാനത്തെത്തി. തേക്കിന്‍കാട് സായാഹ്നസൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ പതിനെട്ടാം വര്‍ഷമാണിവിടെ ഭീമന്‍ പൂക്കളം ഒരുക്കിയത്. 60 അടിയില്‍ നിര്‍മ്മിച്ച പൂക്കളില്‍ 1,500 കിലോയിലധികം പൂക്കള്‍ ഉപയോഗിച്ചു. ജമന്തിയും, ചെണ്ടുമല്ലിയും, വാടാമല്ലിയുമെല്ലാം ഭീമന്‍ പൂക്കളത്തെ വര്‍ണാഭമാക്കി. വെളുപ്പിന് മുതല്‍ പൂക്കളം ഒരുക്കാനായി നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. ഇന്നലെ ഉച്ചയോടെ പൂക്കളെല്ലാം എത്തിച്ച് അറുത്തുവെച്ചു തുടങ്ങിയിരുന്നു. രാവിലെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ.രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് കുമ്മാട്ടിക്കളിയും, പുലിക്കളിയും, ശിങ്കാരിമേളവുമായി കോര്‍പറേഷന്‍ ഓഫീസുവരെ ഘോഷയാത്രയും നടത്തി. വെളുപ്പിന് മൂന്ന് മണിക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ നിയമവെടിയ്ക്ക് ശേഷമാണ് ഇരുന്നൂറോളം പേര്‍ ചേര്‍ന്ന് പൂക്കളം ഒരുക്കാന്‍ തുടങ്ങിയത്. 9 മണിയോടെ പൂക്കളം പൂര്‍ത്തിയായി. ചിറ്റിലപ്പിള്ളി എംഇഎസ് കോളേജിലെ ബിടെക് വിദ്യാര്‍ത്ഥിയായ നൈതികാണ് പൂക്കളത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. വൈകീട്ട് ദീപക്കാഴ്ചയും ഒരുക്കും.
തെക്കേനട വര്‍ണാഭം
