തിരുവനന്തപുരം; ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന്് നിയമസഭയിലെത്തിയില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിട്ടുനില്‍ക്കുന്നതായാണ് ലഭിക്കുന്ന വിശദീകരണം. സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച രാഹുല്‍ നിയമസഭയിലെത്തിയിരുന്നു.
സഭയില്‍ എത്തേണ്ടതില്ലെന്ന് പാര്‍ട്ടി രാഹുലിനെ അറിയിച്ചതായാണ് വിവരം. പ്രതിപക്ഷം സര്‍ക്കാരിനെതിരേ കടന്നാക്രമണം നടത്തുന്ന ദിവസങ്ങളില്‍ സഭയിലെത്തി പോരാട്ടത്തിന് തടസ്സമാകേണ്ടെന്ന വിലയിരുത്തലിലാണ് ഈ നിലപാടെടുത്തത്. നിയമസഭയില്‍ പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തി സര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം.
ഇന്നലെ സഭയിലെത്തിയിരുന്നെങ്കിലും തുടര്‍ദിവസങ്ങളില്‍ സഭയില്‍ എത്തുമോയെന്ന ചോദ്യത്തിന് ഇന്നലെ രാഹുല്‍ മറുപടി നല്‍കിയിരുന്നില്ല. നിയമസഭയില്‍ വരുന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ ഒരു നേതാവുമായും ബന്ധപ്പെട്ടില്ലെന്നും സസ്‌പെന്‍ഷനിലാണെങ്കിലും പാര്‍ട്ടിക്ക് പൂര്‍ണമായും വിധേയനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും സഭയിലെത്തിയാല്‍ സാഹചര്യമനുസരിച്ച് നേരിടാനാണ് ഭരണപക്ഷം തീരുമാനമെടുത്തത്. രാഹുല്‍ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷത്തെ സമ്മര്‍ദത്തിലാക്കാനും ആലോചനയുണ്ട്. വിഷയത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭരണപക്ഷം.