തൃശൂര്‍: കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ നടത്തിയ പ്രസംഗം വിവാദമായി. പ്രതികള്‍ക്ക്്് പൊലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോയെന്നാണ് ജില്ലാ സെക്രട്ടറിയുടെ ചോദ്യം. മദ്യപാന സംഘത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നു സുജിത്ത് വിഎസ് എന്നും തുടര്‍ന്നാണ് പൊലീസ് നടപടി എടുത്തതെന്നും കെവി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഇന്നലെ തൃശൂരില്‍ നടന്ന പൊതുപരിപാടിയിലാണ് ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം.
കാണിപ്പയ്യൂര്‍ തെരുവില്‍ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ നാലംഗ മദ്യപ സംഘത്തെ അവിടുത്തെ പൊലീസ് പിടിച്ച് ജീപ്പില്‍ കയറ്റി. സുജിത്ത് എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ജീപ്പില്‍ നിന്ന് അവരെ ബലമായി പിടിച്ചിറക്കി. എസ്‌ഐ സ്വാഭാവികമായും ചെറുത്തു. എസ്‌ഐയുടെ വാച്ച് നഷ്ടപ്പെട്ടു. പൊലീസിനെ അടിച്ചു. കൂടുതല്‍ പൊലീസുകാര്‍ വന്നിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത്. അവര്‍ കൊണ്ടുപോയിട്ട് തടവി ബിരിയാണി വാങ്ങിച്ചുകൊടുക്കും എന്ന് വിചാരിക്കുന്നത് ശരിയാണോ. അതുമാത്രമല്ല, 11 കേസിലെ പ്രതിയാണിയാള്‍. പൊലീസിനെ തല്ലിതുള്‍പ്പടെ കേസുകളിലെ പ്രതിയാണ് അദ്ദേഹം പറഞ്ഞു.
സുജിത്ത് ഒരു സ്വാതന്ത്ര്യസമര സേനാനി അല്ലെന്നും പോരാളിയായോ സര്‍വ്വതങ്ക പരിത്യാഗിയോ ആയിട്ടുള്ള ആളല്ലെന്നും അബ്ദുല്‍ഖാദര്‍ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനിയുടെ വിവാഹം കഴിഞ്ഞുവെന്ന മട്ടിലാണ് സുജിത്തിന്റെ വിവാഹ വാര്‍ത്തകളെന്നും അദ്ദേഹം പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്ത് പൊലീസിനെ തല്ലിയത് ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതിയാണെന്നും ഒരു മാധ്യമവും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കെവി അബ്ദുല്‍ ഖാദര്‍ ആരോപിച്ചു.