പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കൊടുമ്പ് പഞ്ചായത്തിലെ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബര്‍ അഞ്ചിന് ചികിത്സ തേടി കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും എത്തി. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗ സൂചന ലഭിച്ചത്. എട്ടാം തീയതി രോഗ സ്ഥിരീകരിച്ചതോടെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിലവില്‍ രോഗി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ പരിശോധനയും തുടരുന്നു. പാലക്കാട് ജില്ലയില്‍ നേരത്തെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
നെഗ്ലേറിയ ഫൗലേറി, അകാന്തമീബ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട ഏകകോശ ജീവികളായ അമീബകള്‍ തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അത്യപൂര്‍വവും അതീവ ഗുരുതരവുമായ അണുബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. സാധാരണയായി നെഗ്ലേറിയ ഫൗലേറി എന്ന അമീബയാണ് പ്രൈമറി അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് എന്ന അണുബാധയ്ക്ക് കാരണമാകുന്നത്.