ടെല്‍അവീവ്: ഗാസയില്‍ ഇനി സമാധാനത്തിന്റെയും, ശാന്തിയുടെയും ദിനങ്ങള്‍. വര്‍ഷങ്ങള്‍ നീണ്ട രക്തച്ചൊരിച്ചിലിന് വിരാമമായി.ഹമാസ് ബന്ദികളാക്കിയ ഇസ്രായേല്‍ തടവുകാരെ മോചിപ്പിക്കല്‍ തുടങ്ങി. 7 പേരെ റെഡ്്് ക്രോസിന് കൈമാറി. 7 പേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരം. ബാക്കി 13 പേരയും ഇന്ന് തന്നെ ഹമാസ് കൈമാറും.
ഇസ്രായേല്‍ അനധികൃതമായി തടവിലിട്ട 2000 പലസ്തീനികളെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി വിട്ടയക്കും. ഹമാസ് വിട്ടയക്കുന്ന 20 ബന്ദികള്‍ ഇസ്രായേല്‍ അതിര്‍ത്തി കടന്നാലാണ് ഇവരെ വിട്ടയക്കുക. ഇതില്‍ മിക്കവരും കുറ്റപത്രം പോലും സമര്‍പ്പിക്കാതെ വര്‍ഷങ്ങളായി ഇസ്രായേല്‍ തടങ്കലിലിട്ടവരാണ്. ഇസ്രായേല്‍ കോടതി ജീവപര്യന്തം വിധിച്ച 250 പേരും ഇതില്‍ ഉള്‍പ്പെടും.
ഹമാസ് പിടികൂടിയതില്‍ ജീവനോടെ ബാക്കിയുള്ള 20 പേരെ ഇന്ന് മോചിപ്പിക്കും. തടവില്‍ കഴിയവേ ഇസ്രായേല്‍ ആക്രമണത്തില്‍ അടക്കം കൊല്ലപ്പെട്ട 28 പേരുടെ മൃതദേഹങ്ങളും കൈമാറും. ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാറിലെ പ്രധാന തീരുമാനമാണ് ഇതോടെ നടപ്പാവുക.
തടവുകാരെ കൈമാറുന്നതിനായി മൂന്ന് സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘അല്‍ ജസീറ’ അറിയിച്ചു. തടവുകാരെ ആദ്യം റെഡ് ക്രോസിന് കൈമാറുകയാണ് ചെയ്യുക. തുടര്‍ന്ന് ഇവരെ ഗാസയിലെ ഇസ്രായേലി സൈനിക താവളത്തില്‍ കൊണ്ടുപോയി പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. പിന്നീടാണ് ഇസ്രായേലിലേക്ക് കൊണ്ടുപോവുക.
അതേസമയം, വര്‍ഷങ്ങളായി ഇസ്രായേല്‍ തടങ്കലില്‍ കഴിയുന്ന പലസ്തീന് നേതാവ് മര്വാന് ബര്‍ഗൂത്തിയെ ഇസ്രായേല്‍ വിട്ടയക്കില്ല. അധിനിവേശ വെസ്റ്റ് ബാങ്ക് സ്വദേശികളെയും ഇസ്രായേല്‍ മോചിപ്പിക്കും. എന്നാല്‍, ഇവരെ സ്വീകരിക്കുന്നതിന് ആഘോഷങ്ങള്‍ നടത്തരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ബന്ധുക്കളോട് ഇസ്രായേല്‍ ആവശ്യപ്പെട്ടു