കൊച്ചി: ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു. രാവിലെ 10.55 ഓടെ മൂന്ന് സൈറണും മുഴങ്ങി. തുടര്‍ന്ന് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. വെള്ളം ചെറുതോണിയിലെത്തി, പരന്ന് ഒഴുകിയശേഷം 12 മണിയോടെയാണ് രണ്ടാമത്തെ ഷട്ടര്‍ തുറന്നത്. പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം നാലാമത്തെ ഷട്ടറും അവസാനമായി തുറന്നു.
35 സെന്റിമീറ്ററാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം (100 ക്യുമെക്സ് ജലം) പുറത്തേക്ക് ഒഴുക്കിവിടുന്നത്. ആദ്യം വെള്ളമെത്തുക ചെറുതോണി ടൗണിലേക്കാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ പെരിയാറിലെ ജലനിരപ്പ് ഒരുമീറ്റര്‍ ഉയര്‍ന്നേക്കാം. ഇടുക്കിയിലെ വെള്ളം വൈകിട്ട് നാലോടെ ആലുവ, കാലടി മേഖലയിലെത്തും. നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.96 അടി എത്തിയിട്ടുണ്ട്. റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 2018-ലെ പ്രളയത്തിന് ശേഷം മൂന്നു വര്‍ഷം കഴിഞ്ഞാണ് ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയത്.
Photo Credit: Face Book