Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ശബരിക്ക് ജാമ്യം; പോലീസിന് വീണ്ടും തിരിച്ചടി

മൊബൈൽ ഹാജരാക്കാം എന്ന് മുൻപേ പറഞ്ഞിരുന്നു എന്ന് ശബരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. യൂത്ത് കോൺഗ്രസ് ഗ്രൂപ്പിൽ ശബരി ഇട്ട പോസ്റ്റിന്റെ സ്ക്രീൻഷോട്ട് മാത്രമല്ലേ തെളിവായി ഉള്ളൂ എന്ന് കോടതി വാദം കേൾക്കവേ ചോദിച്ചിരുന്നു

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ്.ശബരിനാഥന് ജാമ്യം.വഞ്ചിയൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ആവശ്യപ്പെടുമ്പോൾ മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണം, അൻപതിനായിരം രൂപ കോടതിയിൽ കെട്ടിവയ്ക്കണം 20, 21, 22 തീയതികളിൽ ഹാജരാകണം,മൊബൈൽ ഫോൺ പരിശോധിക്കണമെങ്കിൽ സഹകരിക്കണം.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് വന്നിറങ്ങിയ ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ ശബരിയെ നാലാംപ്രതിയാക്കിയാണ് ശംഖുമുഖം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഗൂഢാലോചനയുടെ മുഖ്യക്കണ്ണി ശബരിനാഥൻ ആണ് എന്ന് റിമാൻഡറി റിപ്പോർട്ടിൽ പോലീസ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയാൽ നന്നായിരിക്കും എന്ന് ശബരീനാഥൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട പോസ്റ്റ് ഉള്ള മൊബൈൽ ഫോൺ പിടിച്ചെടുക്കണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. 
അത് നിമിഷങ്ങൾക്കകം ഹാജരാക്കാം എന്ന് ശബരീനാഥന്റെ വക്കീൽ കോടതി അറിയിച്ചു.

മൊബൈൽ ഹാജരാക്കാം എന്ന് മുൻപേ പറഞ്ഞിരുന്നു എന്ന് ശബരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. യൂത്ത് കോൺഗ്രസ് ഗ്രൂപ്പിൽ ശബരി ഇട്ട പോസ്റ്റിന്റെ സ്ക്രീൻഷോട്ട് മാത്രമല്ലേ തെളിവായി ഉള്ളൂ എന്ന് കോടതി വാദം കേൾക്കവേ ചോദിച്ചിരുന്നു.

തുടർന്നാണ് ജാമ്യം അനുവദിക്കാൻ കോടതി തീരുമാനിച്ചത്.

അറസ്റ്റ് ഹാജരായി 10 മിനിറ്റിനകം!

മുഖ്യമന്ത്രിയെ വിമാനത്തിൽ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ അരുവിക്കര എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥനെ ശംഖുമുഖം പോലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ  കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സഞ്ചരിച്ചിരുന്ന വിമാനത്തിൽ പ്രതിഷേധ മുദ്രാവാക്യം വിളിച്ചതിന്  പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡോളർ – സ്വർണ്ണക്കടത്ത് വിഷയങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യ മൊഴി നൽകിയതിന് ശേഷം സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു വിമാനത്തിലെ പ്രതിഷേധം.

ശബരീനാഥന്റെ അറസ്റ്റിനെ സംബന്ധിച്ച് പോലീസ് ഔദ്യോഗികമായി ഒരു അറിയിപ്പും ആദ്യം  നൽകിയില്ല.

എന്നാൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഇന്ന് രാവിലെ ശബരിനാഥന്റെ മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്ന വേളയിൽ സർക്കാർ വക്കീലാണ് ശബരീനാഥിന്റെ അറസ്റ്റ് വിവരം കോടതിയെ അറിയിച്ചത്. 11മണിക്ക് കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ അറസ്റ്റ് വിവരം കോടതിൽ സർക്കാർ വക്കീൽ പറഞ്ഞിരുന്നില്ല. പിന്നീട് 10.50ന് അറസ്റ്റ് ചെയ്തുവെന്ന് 11.45 നാണ് കോടതിയെ അറിയിക്കുന്നത്.

നൂറ്റി ഇരുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരുള്ള യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രി വിമാനത്തിൽ കണ്ണൂരിൽ നിന്ന് വരുന്നുണ്ടെന്നും വിമാനത്തിൽ കരിങ്കൊടി പ്രതിഷേധം നടത്തിയാൽ നന്നായിരിക്കും എന്ന് ശബരീനാഥ് ഇട്ട  വിമാനത്തിലെ പ്രതിഷേധം നടക്കുന്നതിന്  മുൻപേയുള്ള പോസ്റ്റ് ഇന്നലെ പുറത്തുവന്നിരുന്നു.

ഇതിനെ തുടർന്ന് ശംഖുംമുഖം അസിസ്റ്റൻറ് പോലീസ് കമ്മീഷണർ മുൻപാകെ ഹാജരാകാൻ ശബരിനാഥന് ഇന്നലെ കേസിലെ സാക്ഷി എന്ന രീതിയിൽ പോലീസ്  നോട്ടീസ് നൽകിയിരുന്നു. വാട്സ്ആപ്പ് പോസ്റ്റ് ഇട്ടത് ശബരീനാഥൻ നിഷേധിച്ചിട്ടില്ല.

ഇന്ന് രാവിലെ 10.30നാണ് ശംഖുമുഖം അസിസ്റ്റൻറ് പോലീസ് കമ്മീഷണർക്ക് മുൻപാകെ ശബരിനാഥൻ ഹാജരായത്.

11മണിക്ക് കോടതി ശബരിനാഥന്റെ ഹർജി പരിഗണിച്ചു. ഹർജി പരിഗണിക്കും വരെ അറസ്റ്റ് പാടില്ലെന്ന് കോടതി ആദ്യം നിർദ്ദേശിച്ച. എന്നാൽ ആ വേളയിൽ അറസ്റ്റ് 10.50 ന് നടന്നുവെന്ന് ഗവൺമെൻറ് പ്ലീഡർ കോടതിയെ അറിയിച്ചിരുന്നില്ലെന്നും പിന്നീട് മുക്കാൽ മണിക്കൂർ കഴിഞ്ഞശേഷമാണ് അറസ്റ്റ് വിവരം കോടതിയെ അറിയിച്ചതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ പറഞ്ഞു. 

അറസ്റ്റിന്റെ വിവരങ്ങൾ ഉടനെ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. അറസ്റ്റ് നടന്ന സമയം എപ്പോഴെന്ന് കോടതി ആരായുകയും ചെയ്തു. 

അറസ്റ്റിനു മുൻപേ തന്നെ ശബരീനാഥിനെ അറസ്റ്റ് ചെയ്തു എന്ന തെറ്റായ വിവരം കോടതിയിൽ സർക്കാർ പ്ലീഡർ അറിയിക്കുകയായിരുന്നു എന്ന ആരോപണം ശംഖുമുഖം വലിയതുറ പോലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധത്തിനായി ഒത്തുകൂടിയ യൂത്ത് കോൺഗ്രസ് നേതാക്കൾ ഉയർത്തി.

ശബരിനാഥനെ തിരുവനന്തപുരം ജില്ല കോടതിയിൽ ഇന്ന് ഉച്ചക്ക് മൂന്നരക്ക് ഹാജരാക്കും.

തനിക്കെതിരെ വധശ്രമം തന്നെയാണ് നടന്നത് എന്നും ഇ പി ജയരാജൻ തന്നെ ആക്രമിക്കുന്നതിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയുകയാണ് ചെയ്തതെന്നും ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ജയരാജനെതിരെ കേസ് വേണ്ട എന്നും തന്നെ രക്ഷിക്കാനാണ് ജയരാജൻ ശ്രമിച്ചത് എന്നുമാണ് മന്ത്രിയുടെ വാദം.

മുൻമന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന ജീ. കാർത്തികേയന്റെ മകനാണ് ശബരീനാഥൻ. കാർത്തികേയന്റെ മരണത്തിനുശേഷം നടന്ന അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിലാണ് ആദ്യമായി ശബരീനാഥൻ എംഎൽഎ ആവുന്നത്. പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ് അയ്യരാനാണ് ഭാര്യ.

സമയത്തിൽ സംശയം 

കോണ്‍ഗ്രസ് മുന്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥന്റെ അറസ്റ്റില്‍ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിലപാട് നിര്‍ണായകമാകും. മുഖ്യമന്ത്രിക്കെതിരെയുള്ള വധശ്രമ കേസിലാണ് ശബരീനാഥിനെ ഇന്ന് രാവിലെ  അറസ്റ്റ് ചെയ്തത്. ശബരിയെ അറസ്റ്റ് ചെയ്ത സമയം സംബന്ധിച്ച് പോലീസ് വ്യാജമായി രേഖയുണ്ടാക്കിയെന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം ശക്തമാണ്.

അറസ്റ്റ് മുന്‍കൂട്ടി കണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ ശബരീനാഥന്‍ വഞ്ചിയൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.ഇന്നലെ പോലീസ് ആവശ്യപ്പെട്ടത് പ്രകാരം ശംഖുമുഖം വലിയതുറ പോലീസ് സ്റ്റേഷനില്‍ എസിപിക്ക് ഇന്ന് രാവിലെ പത്തരക്ക് മുന്‍പേ ചോദ്യം ചെയ്യലിന് ശബരിനാഥന്‍ ഹാജറായിരുന്നു.

10.40 ന് മാധ്യമങ്ങളോട് സംസാരിച്ചതിനുശേഷം പോലീസ് സ്റ്റേഷനില്‍ ശബരി പ്രവേശിച്ചു. 11.10 ന് വഞ്ചിയൂര്‍ കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ഉത്തരവുണ്ടാകുന്നത് വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.

ശബരിയെ അറസ്റ്റ് ചെയ്ത വിവരം സര്‍ക്കാര്‍ വക്കീല്‍ ഈ വേള കോടതിയെ അറിയിച്ചില്ല എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ആരോപണം. പിന്നീട് 11.45 ന് ശബരിയെ 10.50 ന് അറസ്റ്റ് ചെയ്തുവെന്ന് സര്‍ക്കാര്‍ വക്കീല്‍ കോടതിയെ അറിയിക്കുകയായിരുന്നു. 10 മിനിറ്റ് കൊണ്ട് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുന്നത് എങ്ങനെ എന്ന് ചോദ്യമാണ് ഷാഫി പറമ്പിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉന്നയിക്കുന്നത്.

ശബരിനാഥന് തന്റെ  അറസ്റ്റ് സംബന്ധിച്ച് വിവരം നല്‍കുന്നത് 12.29നായിരുന്നു. ശബരീനാഥിനൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുധീര്‍ ഷായ്ക്ക് അറസ്റ്റ് വിവരം നല്‍കിയത് 12.30 നാണ്.

ഇതെല്ലാം അറസ്റ്റിന്റെ സമയം സംബന്ധിച്ച് സംശയങ്ങള്‍ ഉണര്‍ത്തുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ കരിങ്കോടി കാണിക്കണമെന്ന സന്ദേശം താന്‍ ഇട്ടിരുന്നു എന്ന് ശബരിനാഥന്‍ പോലീസിനോട് സമ്മതിച്ചു.

എന്നാല്‍ രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ് വധശ്രമത്തിന് കേസെടുത്തത് എന്നും മുഖ്യമന്ത്രി ഭീരുവാണെന്നും ശബരീനാഥന്‍ മെഡിക്കല്‍ പരിശോധനയ്ക്ക് പോലീസ് എത്തിച്ച സമയം മാധ്യമങ്ങളോട് പ്രതികരിച്ചു.

മുദ്രാവാക്യം വിമാനത്തിനുള്ളില്‍ വിളിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരായുധരാണ് എന്നും വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതിനുശേഷമായിരുന്നു പ്രതിഷേധം എന്നും ഇരുവര്‍ക്കും ജാമ്യം നല്‍കിയ വേളയില്‍ കോടതി നിരീക്ഷിച്ചിരുന്നു.

വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് രണ്ട് ആഴ്ചത്തെ വിലക്കും പ്രതിഷേധകരെ തള്ളിനിലത്തിട്ടതിന് ഇ പി ജയരാജന് മൂന്നാഴ്ചയും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിലക്കീയിടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേക്കാള്‍ വില കുറ്റം ഇ പി ജയരാജനാണ് ചെയ്തത് എന്ന വാദമാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഉന്നയിക്കുന്നത്. ഇ പി ജയരാജന്‍ തന്നെ രക്ഷിക്കുക മാത്രമാണ് ചെയ്തത് എന്നും അതിന് കേസെടുക്കേണ്ട ആവശ്യമിലെന്നുമാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ നിയമസഭയില്‍ പറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *