തൃശൂര്‍: ബി.ബി.സി ഓഫീസില്‍ അന്വേഷണ ഏജന്‍സികള്‍ നടത്തിയ റെയ്ഡിനെതിരെ ശക്തമായി പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന് കൊച്ചി ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമത്തെ അപലപിക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡണ്ട് എം.വി.വിനീത അഭിപ്രായപ്പെട്ടു.
കൊച്ചിയില്‍ നടന്ന എസ്.എഫ്.ഐ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ തൃശൂര്‍ കോര്പറേഷന് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.
കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഓഫീസില്‍ അതിക്രമം നടത്തിയതിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ട്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നേരെ കുറച്ചുനാളുകളായി അപവാദ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം തെറ്റായ പ്രചരണങ്ങളെ പത്രപ്രവര്‍ത്തക യൂണിയന് പ്രോത്സാഹിപ്പിക്കില്ല. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ യൂണിയന് പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാല്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ തിരുത്തണം. നിയമം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഭരണകക്ഷിയുടെ പോഷകസംഘടനയാണ് അതിക്രമം കാണിച്ചതെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കൂട്ടുന്നുവെന്നും എം.വി.വിനീത ചൂണ്ടിക്കാട്ടി.
ലോകത്തെമ്പാടുമുള്ള മാധ്യമങ്ങള്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് തൃശൂര്‍ പ്രസ് ക്ലബ് പ്രസിഡണ്ട് ഒ.രാധിക പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബില്‍ നിന്ന് കോര്പറേഷന് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് ജില്ലാ സെക്രട്ടറി പോള്‍ മാത്യു, വൈസ് പ്രസിഡണ്ട് അരുണ്‍ എഴുത്തച്ഛന്,ജോ.സെക്രട്ടറി റാഫി.എം.ദേവസി, ട്രഷറര്‍ ഗിരീഷ്, അനുജ മോള്, രമേശ് പീലിക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്കി.