Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

റോഡിലേക്ക് വന്‍മരം വീണു, പെട്ടിഓട്ടോകള്‍ തകര്‍ന്നു

നിറയെ യാത്രക്കാരുള്ള ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, തൃശൂര്‍ സെന്റ് തോമസ് കോളേജ് റോഡില്‍ ഗതാഗതം സ്തംഭിച്ചു

തൃശൂര്‍: നഗരത്തിലെ സെന്റ്‌തോമസ് റോഡില്‍ വന്‍മരം വീണു. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു പെട്ടി ഓട്ടോ പൂര്‍ണമായും, മറ്റൊരു പെട്ടി ഓട്ടോ ഭാഗികമായും തകര്‍ന്നു. ജില്ലാശുപത്രി കോമ്പൗണ്ടിലെ മരമാണ്  വീണത്. നിറയെ യാത്രക്കാരുമായി ഇതുവഴി പോയ സ്വകാര്യ ബസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
സെന്റ് തോമസ് കോളേജ് റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യതി ലൈനും വീണതോടെ നഗരത്തില്‍ വൈദ്യുതി ബന്ധവും നിലച്ചു. ഫയര്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരം മുറിച്ചു നീക്കി.
ദിവസങ്ങള്‍ക്ക് മുന്‍പ്  നെഹ്‌റുപാര്‍ക്കിന് സമീപത്തെ മരവും കടപുഴകി സ്വരാജ് റൗണ്ടില്‍ വീണിരുന്നു. കാര്‍ യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
നഗരത്തില്‍ അപകടാവസ്ഥയിലായ മരങ്ങളും, റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന  ചില്ലകളും മുറിച്ച് നീക്കാന്‍ മൂന്ന് മാസം മുന്‍പ് തന്നെ നിര്‍ദേശം നല്‍കിയിരുന്നതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജു പറഞ്ഞു. വര്‍ഷക്കാലത്ത് കാറ്റിലും, മഴയിലും മരങ്ങള്‍ വീണ് അപകടം ഉണ്ടാകാറുള്ള സാഹചര്യത്തിലാണ് മുന്‍കരുതലായി മരങ്ങളും, ചില്ലകളും മുറിച്ചുമാറ്റണമെന്ന് മുന്നറിയിപ്പ് നല്‍കാറുള്ളത്.  സ്വകാര്യ, പൊതു സ്ഥലങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങളും, ചില്ലകളും മുറിച്ചുമാറ്റേണ്ടത് അവിടെയുള്ളവരുടെ ചുമതലയാണെന്നും ഷാജു പറഞ്ഞു.
അതേസമയം അപകടാവസ്ഥയിലുള്ള മരങ്ങള്‍ യഥാസമയം മുറിച്ചുമാറ്റിയില്ലെങ്കില്‍ നോട്ടീസ് നല്‍കേണ്ട ബാധ്യത കോര്‍പറേഷനുണ്ട്. ഇക്കാര്യത്തില്‍ കൗണ്‍സിലര്‍മാരടക്കം ഉത്തരാദിത്വം കാണിക്കുന്നില്ലെന്നും വ്യാപക പരാതിയുണ്ട്. തേക്കിന്‍കാട് മൈതാനത്തെ ഏറെ പഴക്കമുള്ള വിദ്യാര്‍ത്ഥി കോര്‍ണറിലെ മതിലും തകര്‍ന്നു. ഇന്നലെ രാത്രിയാണ് മതില്‍ തകര്‍ന്നത്.  ഒരു ഭാഗത്ത് മാത്രമാണ് നാശനഷ്ടം. ഇഷ്ടികകള്‍ അടര്‍ന്നുവീണു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെയും, വടക്കുന്നാഥന്‍ ദേവസ്വത്തിലെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.


Leave a Comment

Your email address will not be published. Required fields are marked *