തൃശൂര്‍ : മണിപ്പൂരില്‍ നടക്കുന്നത് വര്‍ഗീയ സംഘര്‍ഷമല്ലെന്നും, കാലങ്ങളായി രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടന്നുവരുന്ന സായുധകലാപമാണെന്നും ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. താനല്ല മറിച്ച് കത്തോലിക്കാസഭയുടെ ഏറ്റവും പരമോന്നതസ്ഥാനത്തുള്ളയാളാണ് ഇക്കാര്യം തുറന്നുപറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ രാം മനോഹര്‍ ലോഹ്യയുടെ ‘ഗില്‍റ്റി മെന്‍ ഓഫ് ഇന്ത്യാസ് പാര്‍ട്ടീഷന്‍’ എന്ന ഗ്രന്ഥത്തിന്് എം.എസ്. ബാലകൃഷ്ണന്‍ രചിച്ച മലയാള വിവര്‍ത്തനമായ ‘ഇന്ത്യാ വിഭജനത്തിന്റെ അപരാധികള്‍’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂരില്‍ നടക്കുന്നത് രണ്ട് മതങ്ങള്‍ തമ്മിലുള്ള കലാപമെന്ന മട്ടില്‍ തെറ്റിദ്ധാരണപരത്തുന്നത് ആരെന്ന് താന്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യം ചെരിപ്പിടും മുന്‍പേ അസത്യം ലോകസഞ്ചാരം പൂര്‍ത്തിയാക്കുന്ന സാഹചര്യമാണ് കേരളത്തിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കത്തോലിക്കാ വിശ്വാസികളുടെ വീടുകള്‍ തോറും തെറ്റിദ്ധാരണജനകമായ വാര്‍ത്തകള്‍ എത്തിക്കുന്നു. മണിപ്പൂരില്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
രാം മനോഹര്‍ ലോഹ്യയും ദീനദയാല്‍ ഉപാധ്യായയും മഹാത്മജിയും രാഷ്ട്രീയ വീക്ഷണങ്ങളില്‍ വ്യത്യസ്ത നിലപാടുള്ളവരായിരുന്നുവെങ്കിലും ദേശീയതയോടും സമൂഹത്തോടുമുള്ള കാഴ്ചപ്പാടില്‍ സമാനതകള്‍ ഉള്ളവരായിരുന്നുവെന്നും അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. എന്നും അസ്വസ്ഥതയോടെ ജീവിച്ച ധീക്ഷണാശാലിയായ വിപ്ലവകാരിയായിരുന്നു ലോഹ്യ. ഭാഷാ സമന്വയ വേദി പ്രസിഡന്റ് ഡോ.ആര്‍സു അധ്യക്ഷത വഹിച്ചു. ലോഹ്യ വിചാരവേദി മുന്‍ സംസ്ഥാന സെക്രട്ടറി ഇ.കെ. ശ്രീനിവാസന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
ഭാഷാ സമന്വയ വേദി കോ-ഓര്‍ഡിനേറ്റര്‍ വേലായുധന്‍ പള്ളിക്കല്‍, കവി പി.കെ രാജശ്രീ, എം.എസ് ഗോവിന്ദന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ഗ്രന്ഥകര്‍ത്താവ് എം.എസ് ബാലകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി.