തൃശ്ശൂര്‍: കുന്നംകുളം, പീച്ചി പോലീസ് സ്‌റ്റേഷനുകളിലെ കസ്റ്റഡി മര്‍ദനം പുറത്തായതോടെ പൊലീസിനെതിരെ പരാതികളുടെ പ്രവാഹം.യൂത്ത് കോണ്‍ഗ്രസ്. തൃശ്ശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനില്‍ ഹോട്ടലുടമ ഔസേപ്പിനെയും മകനെയും മര്‍ദിച്ച സംഭവത്തില്‍ ഇന്ന് നടപടിയുണ്ടാകും. പോലീസിനെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേ വ്യാപക പ്രതിഷേധം പടരുന്നു.
കസ്റ്റഡി മര്‍ദനത്തില്‍ വകുപ്പുതല അന്വേഷണം നടത്തുന്ന ദക്ഷിണമേഖല ഐജി ശ്യാം സുന്ദര്‍ ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കും. പീച്ചി സ്റ്റേഷനില്‍ മര്‍ദനത്തിന് നേതൃത്വം നല്‍കിയ എസ്‌ഐ രതീഷിനെതിരെ ഒരു വര്‍ഷം മുന്‍പ് അന്വേഷണം നടത്തിയിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
2023 മേയ് 24ന് തൃശൂര്‍ പട്ടിക്കാട് ലാലീസ് ഹോട്ടല്‍ മാനേജരെയാണ് പീച്ചി എസ്‌ഐയായിരുന്ന പി എം രതീഷ് മര്‍ദിച്ചത്. ഹോട്ടല്‍ മാനേജര്‍ കെ പി ഔസേപ്പിനേയും മകനേയും എസ് ഐ മര്‍ദിച്ചു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ നല്‍കിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മര്‍ദനം. സംഭവത്തില്‍ പരാതി നല്‍കാന്‍ ഔസേപ്പും ഡ്രൈവറും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അപ്പോഴാണ് ചുമരുചാരി നിര്‍ത്തി മര്‍ദനം ഉണ്ടായത്. എസ്‌ഐ ഫഌസ്‌ക് കൊണ്ട് തല്ലാന്‍ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചു. ഇത് ചോദിക്കാന്‍ ചെന്ന തന്റെ മകനേയും ലോക്കപ്പിലിട്ടുവെന്ന് ഔസേപ്പ് പറഞ്ഞിരുന്നു.
ഇതിനിടെ ഡിവൈഎസ്പി മധുബാബുവിനെ പരാതിയുമായി പത്തനംതിട്ട സ്വദേശിയും ജ്വല്ലറി ഉടമയുമായ വിജയന്‍ ആചാരി രംഗത്തെത്തി. 2012-ല്‍ സിഐയായിരുന്ന മധുബാബു മോഷണക്കുറ്റം ചുമത്തി പിടികൂടി. മോഷ്ടിച്ച സ്വര്‍ണം വാങ്ങിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കണ്ണിലും, ശരീരത്തിലും കുരുമുളക്് സ്‌പേ അടിച്ചു. 24 കേസുകള്‍ എടുത്തു. സ്വര്‍ണവും പണവും നല്‍കാത്തതിന്റെ പേരില്‍ ക്രൂരമായി ഉപദ്രവിച്ചു. എല്ലാ കേസുകളില്‍ നിന്നും കുറ്റവിമുക്തനായെന്നും കേസുകള്‍ നടത്താനായി 7 സെന്റ് സ്ഥലം വിറ്റുവെന്നും വിജയന്‍ ആചാരി പറഞ്ഞു. ജ്വല്ലറിയും അടച്ചുവെന്നും ആചാരി അറിയിച്ചു.
അടൂര്‍ പൊലീസിനെതിരെയും കൂടുതല്‍ ആരോപണം. ഡിവൈഎഫ്‌ഐ അടൂര്‍ ടൗണ്‍ മേഖലാ സെക്രട്ടറി ഹാഷിം മുഹമ്മദ് ആണ് തന്നെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. 2020 മാര്‍ച്ചില്‍ നടന്ന സംഭവത്തില്‍ ഇതുവരെ നീതി കിട്ടിയിട്ടില്ല. അടൂര്‍ പോലീസിന്റെ ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നും തന്നെയും സഹോദരനെയും മര്‍ദ്ദിച്ചുവെന്നും ഹാഷിം വെളിപ്പെടുത്തി. പലവിധ പരാതികള്‍ നല്‍കി എന്നും ഹാഷിം പറയുന്നു. എന്നാല്‍ ഹാഷിമിന്റെ ആരോപണം തള്ളുകയാണ് അടൂര്‍ പോലീസ്. സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചിട്ടില്ലെന്നും പരാതി ഉന്നയിക്കുന്ന ആള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് അറിയിച്ചു.