കൊച്ചി: നിരവധി പ്രമാദമായ കേസുകൾക്ക് പ്രതിസ്ഥാനത്തുള്ള കൊടും ക്രിമിനലുകളുടെ വക്കാലത്ത് ഏറ്റെടുത്ത് വിമർശനങ്ങൾ ഏറ്റുവാങ്ങുകയും വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്ത അഭിഭാഷകൻ ബി എ ആളൂർ (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി ആളൂർ ഹാജരായിട്ടുണ്ട്.
തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍ വിവാദങ്ങളിടം പിടിക്കുന്ന കേസുകളിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായാണ് ശ്രദ്ധേയനായത്. തൃശ്ശൂരിലെ സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ ജിഷ കൊലപാതകം, ഇലന്തൂരിലെ നരബലി കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം ആളൂർ ഹാജറായി.
മയക്കുമരുന്ന് കടുത്തുകാർക്ക് വേണ്ടി പൂനയിലെ കോടതിയിൽ ഹാജരായാണ് ക്രിമിനുകൾക്കായി ആളൂർ വാദിച്ചു തുടങ്ങിയത്. ഇത്തരം ക്രിമിനുകൾക്ക് വേണ്ടി വാദിക്കുമ്പോൾ അവർക്ക് പിന്നിൽ പ്രവർത്തിക്കുന്നവരാണ് തനിക്ക് പണം തരുന്നത് എന്ന് ആളൂർ മുൻപ് വെളിപ്പെടുത്തിയിരുന്നു. കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രതി ജോളിക്ക് വേണ്ടിയും ആളൂർ കോടതിയിൽ ഹാജരായിട്ടുണ്ട്.