ന്യൂഡല്‍ഹി: അടുത്ത പൊതുസെന്‍സസിനൊപ്പം ജാതി സെന്‍സസ് നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റി ഓണ്‍ പൊളിറ്റിക്കല്‍ അഫയേഴ്‌സ് (സിസിപിഎ) യോഗത്തിലാണ് തീരുമാനം എടുത്തത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിരന്തരം ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിഹാറില്‍ എന്‍ഡിഎ ഘടകകക്ഷിയായ ജെഡിയുവും ജാതി സെന്‍സസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
2011 ലാണ് അവസാനമായി രാജ്യത്ത് സെന്‍സസ് നടത്തിയത്. 2021-ല്‍ നടത്തേണ്ട സെന്‍സസ് 2025 ആയിട്ടും നടത്തിയിട്ടില്ല. അതേസമയം സംസ്ഥാനങ്ങള്‍ നടത്തിയത് ജാതി തിരിച്ചുള്ള സര്‍വേയാണെന്നും ജാതി സെന്‍സസല്ലെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.