കൊച്ചി: മലയാളത്തിലെ യുവ നടന്മാരായ ശ്രീനാഥ് ഭാസിയുമായും ഷെയിൻ നിഗമുമായും ഇനി നിശ്ചയിക്കുന്നത് വരെ സഹകരിക്കില്ലെന്ന് ഫിലം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, അമ്മയും ഫെഫ്ക്കയും സംയുക്തമായി തീരുമാനിച്ചു. മൂന്ന് സംഘടനകളുടെയും ഭാരവാഹികൾ ഇന്ന് കൊച്ചിയിൽ യോഗം ചേർന്ന് മാധ്യമങ്ങളെ ഈ വിവരം അറിയിക്കുകയായിരുന്നു.
ഇരുനടന്മാരും സിനിമ സെറ്റുകളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നും കൂടെയുള്ള നടന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും വലിയ തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്നും മൂന്ന് സംഘടനയിലെയും ഭാരവാഹികൾ പറഞ്ഞു. ഒരു സിനിമ ഷൂട്ടിംഗ് തുടങ്ങിയാൽ ഷെയിൻ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെയധികം ആകുലത കാണിക്കുന്നുവെന്നും പലപ്പോഴും താൻ അഭിനയിക്കുന്ന ഭാഗങ്ങളുടെ എഡിറ്റ് കാണിക്കണമെന്ന് വാശിപിടിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി എം. രഞ്ജിത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
ശ്രീനാഥ് ഭാസി ഏതെല്ലാം ചിത്രങ്ങളിൽ അഭിനയിക്കുവാൻ കരാർ നൽകി എന്ന് അറിയാത്ത രീതിയിലാണ് പെരുമാറ്റം എന്നും അത് സിനിമ നിർമാതാക്കളെ കുഴയ്ക്കുന്നു എന്നും രഞ്ജിത്ത് പറഞ്ഞു. മലയാള സിനിമ സെറ്റിൽ ലഹരി ഉപയോഗിക്കുന്ന നടന്മാരുടെ ലിസ്റ്റ് സംസ്ഥാന സർക്കാരിന് കൈമാറാൻ തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞു.
രണ്ട് യുവ നടന്മാരെയും സിനിമയിൽ നിന്ന് പുറത്താക്കുകയല്ല എന്നും തങ്ങളുടെ സിനിമകളുമായി സഹകരിപ്പിക്കില്ല എന്ന തീരുമാനമാണ് എടുത്തിട്ടുള്ളത് എന്നും രഞ്ജിത്ത് വ്യക്തമാക്കി. ഇത് വ്യക്തിപരമായ പ്രശ്നമല്ല എന്നും രണ്ട് നടന്മാരും സിനിമയിൽ ഉണ്ടാകണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട് മറികടന്ന് ആരെങ്കിലും യുവ നടന്മാരുമായി സഹകരിച്ച് പ്രവർത്തിച്ചാൽ അവർ ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ സംഘടനയ്ക്ക് ഇടപെടാൻ സാധിക്കില്ല എന്നും രഞ്ജിത്ത് വ്യക്തമാക്കി.
ഇതിന് മുൻപും ഷെയിൻ നിഗം പ്രൊഡ്യൂസർ മാരുമായി പല അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായ ശേഷം ഷൂട്ടിങ്ങിന് വരാതെ മാറി നിന്നത് വലിയ വിവാദമായിരുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ അവതാരകയോട് മോശമായി പെരുമാറിയതിന് ശ്രീനാഥ് ഭാസിക്കെതിരെ പോലീസിൽ പരാതി നൽകുകയും അത്തരത്തിൽ പെരുമാറിയതിൽ സംശയം പ്രകടിപ്പിച്ച പോലീസ് നടൻ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനായി ശ്രീനാഥിന്റെ രക്ത സാമ്പിളും നഖത്തിന്റെ സാമ്പിളും എടുത്തിരുന്നു. എന്നാൽ പിന്നീട് ഒത്തുതീർപ്പ് എന്ന നിലയ്ക്ക് അവതാരക പരാതി പിൻവലിക്കുകയായിരുന്നു. അതിനാൽ ലഹരി ഉപയോഗം സംബന്ധിച്ച പരിശോധന പോലീസ് ഉപേക്ഷിക്കുകയുമായിരുന്നു.