കൊച്ചി: ഒരു കിലോമീറ്ററിന് 200 മുതൽ 250 കോടി രൂപ വരെ ചിലവ് പ്രതീക്ഷിക്കുന്ന കേരളത്തിലെ കെ – റെയിൽ പദ്ധതിക്ക് കേരള സർക്കാർ 120 കോടി രൂപയാണ് ചിലവ് കാണിക്കുന്നത് എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ചിലവ് കൂടുമെന്ന് കേരള സർക്കാരിന് അറിയാഞ്ഞിട്ടല്ല …എന്നാൽ പദ്ധതിക്ക് അനുമതി ലഭിച്ചശേഷം കൂട്ടാം എന്ന ധാരണയിലാണ് ചിലവ് കുറച്ചു കാണിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.
യാഥാർത്ഥ്യ ബോധത്തോടെ അല്ല നിലവിലുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) എന്നും പുതിയ ഡി.പി.ആർ കേരള സർക്കാർ നൽകിയാൽ പരിശോധിക്കാം എന്നുമാണ് കേന്ദ്ര റെയിൽ മന്ത്രി പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നത്. പുതിയ ഡിപിആറിൽ പദ്ധതിയുടെ ചിലവ് കൃത്യമായി കാണിക്കേണ്ടി വന്നാൽ അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിന് വലിയ വെല്ലുവിളിയാകും. പദ്ധതിക്കെതിരെയുള്ള കൂടുതൽ പ്രതിഷേധങ്ങൾക്ക് അത് വഴിവയ്ക്കും.
കെ – റെയിലിന് വീതി കുറഞ്ഞ പാത ആയതിനാൽ 500 കിലോമീറ്ററോളം ബ്രോഡ്ഗേജ് പാത കേരളത്തിൽ നിലവിലുള്ളപ്പോൾ അതുമായി സംയോജിപ്പിക്കാൻ കഴിയാത്ത ഒറ്റപ്പെട്ട ഒരു റെയിൽവേ കോറിഡോർ സംബന്ധിച്ചും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
കെ – റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തവരെ പ്രത്യേക ക്ഷണിതാക്കളായി കോട്ടയം മുതൽ എറണാകുളം വരെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന യാത്രയിൽ പങ്കെടുപ്പിച്ചിരുന്നു. വന്ദേ ഭാരത് ട്രെയിനിനെ പ്രകീർത്തിച്ചും കെ- റെയിൽ ആക്രിയാണെന്നും എഴുതിയ പ്ലക്കാർടുകൾ പ്രദർശിപ്പിച്ചായിരുന്നു കെ – റെയിൽ വിരുദ്ധ , സമരക്കാർ കോട്ടയം മുതൽ എറണാകുളം വരെ യാത്ര ചെയ്തത്. കാസർകോട് നിന്ന് തിരുവനന്തപുരം വരെ ഓടുന്ന രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ വരുമെന്നും, നിർമ്മാണം പൂർത്തിയാക്കിയാൽ വരുന്ന ഡിസംബറിലോ ജനുവരിയിലോ എറണാകുളം മുതൽ തിരുവനന്തപുരം വരെ ഓടുന്ന വന്ദേ മെട്രോയും കേരളത്തിൽ നടപ്പാക്കും. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വന്ദേ ഭാരത് ട്രെയിനുകളും വൈകാതെ കേരളത്തിൽനിന്ന് പ്രവർത്തനം ആരംഭിക്കുമെന്നും വൈഷ്ണവ് പറഞ്ഞു.