Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

റോഡിലെ കുഴി : അയ്യന്തോളില്‍ ബസ്സിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശൂര്‍: അയ്യന്തോളില്‍ ബസ്സിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ലാലൂര്‍ സ്വദേശി ആബേല്‍(24) ആണ് മരിച്ചത്. ഇന്ന് രാവിലെ അയ്യന്തോള്‍ മാര്‍ക്കറ്റിന് മുന്നിലായിരുന്നു അപകടം. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ ബസ്സിനടിയില്‍പെടുകയായിരുന്നു. ബാങ്ക് ജീവനക്കാരനാണ് ആബേല്‍.
ബൈക്ക് വെട്ടിച്ചതോടെ ബസിടിച്ചുകയറുകയായിരുന്നു. ബസിനടിയില്‍പെട്ടാണ് മരണം.പുഴയ്്്ക്കല്‍ ഭാഗത്തേക്കുള്ള യാത്രയിലായിരുന്നു അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന ബസിനെ മറികടന്ന് മുന്നോട്ടു പോകുന്നതിനിടെ കുഴികണ്ട് വെട്ടിക്കുമ്പോഴാണ് ബസിന് അടിയില്‍ പെട്ടത്.
ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബസുകളുടെ അമിത വേഗതയും റോഡിലെ കുഴിയുമാണ് അപകടകാരണമെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. കൗണ്‍സിലര്‍ മെഫി ഡെന്‍സന്റെ  നേതൃത്വത്തിലാണ് നാട്ടുകാര്‍ ബസുകള്‍ തടഞ്ഞ് പ്രതിഷേധിച്ചത്.റോഡിലെ കുഴിയില്‍ വീണ്ടും ജീവന്‍ പൊലിഞ്ഞിട്ടും കോര്‍പ്പറേഷന്‍ മേയറടക്കമുള്ളവര്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം.

ബസുകളുടെ മത്സരയോട്ടമാണ് അപകടമുണ്ടാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് രഘുനാഥിന്റെ  നേതൃത്വത്തിലാണ് ബിജെപി പ്രതിഷേധം. പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്റെ  നേതൃത്വത്തില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.അപകടമുണ്ടാക്കിയ സ്വകാര്യ ബസും തടഞ്ഞിട്ടു.

ഇതേ തുടര്‍ന്ന് പുഴക്കല്‍,അയ്യന്തോള്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.  എംജി റോഡില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന്റെ  മരണം ഉണ്ടായിട്ടും റോഡിലെ കുഴികള്‍ ഇറക്കാന്‍ മേയര്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. രണ്ടാമത്തെ മരണത്തിനും മേയര്‍ ഉത്തരവാദിയാണെന്നും രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസി ബസ് തടഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധം നടക്കുന്നതിനിടെ ഇതുവഴി പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.പൊതുമരാമത്തിന് കീഴിലുള്ള റോഡാണിത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിനെതുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.
കഴിഞ്ഞ മാസം എം.ജി.റോഡില്‍ അമ്മയുമായി ക്ഷേത്രത്തിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവാവും അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ പിന്നാലെയെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. പുങ്കുന്നം സ്വദേശി വിഷ്ണുദത്താണ് മരിച്ചത്. രണ്ടാഴ്ച മുന്‍പ് കോലോത്തുംപാടത്തുണ്ട്്് സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ വീണ് കോലഴി സ്വദേശികളായ ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *