തൃശൂര്‍: വിവാദ കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയതില്‍ പ്രതിഷേധിച്ച്് കേരള ലളിതകലാ അക്കാദമിയിലേക്ക്് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നേതാക്കള്‍ ഉള്‍പ്പെടെ ഏതാനും പേര്‍ക്ക് പോലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റു.
11 മണിയോടെ പാറമേക്കാവ് ക്ഷേത്ര പരിസരത്തുനിന്നാണ് മാര്‍ച്ച് തുടങ്ങിയത്. അക്കാദമിക്ക് മുന്നില്‍ മാര്‍ച്ച് തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ അല്‍പ നേരം ഉന്തുംതുള്ളുമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പ് പ്രതിഷേധിച്ചതോടെ പോലീസ് ലാത്തിവീശുകയായിരുന്നു.
ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെയായിരുന്നു പ്രതിഷേധം. കോവിഡ് 19 ഗ്ലോബല്‍ മെഡിക്കല്‍ സമ്മിറ്റ് എന്ന തലക്കെട്ടില്‍ വരച്ച കാര്‍ട്ടൂണില്‍ ഇന്ത്യയുടെ പ്രതിനിധിയായി സ്ഥലത്ത് കാവി പുതച്ച പശുവിനെ ചിത്രീകരിച്ചിരുന്നു. ഇംഗ്ലണ്ട്, ചൈന, യു.എസ.്എ പ്രതിനിധികള്‍ക്കൊപ്പമാണ് ഇന്ത്യയുടെ പ്രതിനിധിയെ പശുവായി ചിത്രീകരിച്ചത്.
എറണാകുളം വൈറ്റില പൊന്നുരുന്നി സ്വദേശി അനൂപ് രാധകൃഷ്ണന്‍ വരച്ച കാര്‍ട്ടൂണിനായിരുന്നു കേരള ലളിതകലാ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം ലഭിച്ചത്.
പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ കാര്‍ട്ടൂണുകള്‍ തിരഞ്ഞെടുത്തത് ജൂറിയാണെന്നും അവരുടെ അധികാരത്തില്‍ ഇടപെടില്ലെന്നും ലളിതകലാ അക്കാദമി വിശദീകരിച്ചു.
Photo: newsskerala