പാലക്കാട്: ഇന്ന് രാവിലെ നടന്ന മൃഗീയ കൊലപാതകത്തിന്റെ ഞെട്ടലിലാണ് എലപ്പുള്ളി മമ്പ്രം ദേശം. ആര്‍.എസ്.എസ് – എസ്.ഡി.പി.ഐ സംഘര്‍ഷം ഇടയ്ക്കിടെ നടക്കുന്ന ഇവിടെ ഇത്തരമൊരു അരുംകൊല ഇതാദ്യമാണ്. ഇരുപത്തിയേഴുകാരനായ എലപ്പുള്ളി സ്വദേശി സഞ്ജിത് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കൊല ചെയ്യപ്പെട്ടത്. ആര്‍.എസ്.എസ് മണ്ഡല്‍ ഭൗതിക് പ്രമുഖാണ് സഞ്ജിത്ത്. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പിയിലെ പ്രമുഖ നേതാക്കള്‍ ആരോപിച്ചു.
രാവിലെ മമ്പ്രത്തെ ഭാര്യവീട്ടില്‍ നിന്നും ഭാര്യയുമായി ബൈക്കില്‍ വരുമ്പോഴായിരുന്നു ആക്രമണം. കാറിലെത്തിയ അക്രമികള്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കില്‍ നിന്നും സഞ്ജുവിനെ വലിച്ചു പുറത്തിട്ട അക്രമികള്‍ ഭാര്യയുടെ മുന്നില്‍ വച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഭര്‍ത്താവിനെ വെട്ടുന്നത് കണ്ട് ഭാര്യ വാവിട്ട് കരഞ്ഞ ശബ്ദം കേട്ട് ആളുകള്‍ എത്തിയെങ്കിലും അക്രമികള്‍ ഉടന്‍ തന്നെ കടന്നു കളയുകയും ചെയ്തു. നാല് പേരാണ് കൊലയാളി സംഘത്തില്‍ ഉള്ളതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഊര്‍ജിതമായി അന്വേഷണം നടത്തി പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ബിജെപി പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. സഞ്ജിത്തിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി എലപ്പുള്ളി പഞ്ചായത്തില്‍ ആര്‍എസ്എസ് എസ് ഡി പി ഐ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി എസ് ഡി പി ഐ പ്രവര്‍ത്തകനെ ആര്‍.എസ്.എസുകാര്‍ വെട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന കൊലപാതകവുമെന്നാണ് വിവരം. സഞ്ജിതിനെതിരെ പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളുണ്ടെന്ന് ടൗണ്‍ പൊലീസും കസബ പോലീസും പറഞ്ഞു.
പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എസ്.ഡി.പി.ഐ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നാണ് സുരേന്ദ്രന്റെ വിമര്‍ശനം.
എസ്.ഡി.പി.ഐയുമായുള്ള സി.പി.എമ്മിന്റെ ചങ്ങാത്തം വെച്ചുപൊറുപ്പിക്കാനാകില്ല. എസ്.ഡി.പി.ഐ അക്രമം തടയാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ബി.ജെ.പി അതേ നാണയത്തില്‍ പ്രതിരോധിക്കും. ജനങ്ങളെ ഉപയോഗിച്ച് എസ്.ഡി.പി.ഐയെ ചെറുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എലപ്പുള്ളി സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് മലന്പുഴ മണ്ഡലത്തില്‍ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍
Photo Credit: Facebook