തൃശ്ശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയുമായി ബന്ധപ്പെട്ട് തന്ത്രിമാര്‍ ആവശ്യപ്പെടുന്ന ജാതി പരിഗണന അംഗീകരിക്കില്ലെന്ന് ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ്. നിയമം അനുശാസിക്കുന്ന ജാതി സംവരണം നടപ്പാക്കും. ഓപ്പണ്‍ കാറ്റഗറി പ്രകാരമാണ് ബാലുവിന് നിയമനം നല്‍കിയത്. അടുത്തത് കമ്മ്യൂണിറ്റി നിയമനമാണ്. അപ്പോയ്‌മെന്റ് ഓര്‍ഡര്‍ ദേവസ്വം ബോര്‍ഡ് വേഗത്തില്‍ തന്നെ കൊടുക്കേണ്ടതാണ്, അതിനു കാലതാമസം വരുമെന്ന് കരുതുന്നില്ലെന്നും മോഹന്‍ദാസ് പ്രതികരിച്ചു.
ദേവസ്വം ഭരണസമിതിയെ പോലും അറിയിക്കാതെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ബാലുവിനെ ഓഫീസിലേക്ക് മാറ്റി നിയമിച്ചതെന്നും മോഹന്‍ദാസ് പ്രതികരിച്ചു. വേഗത്തില്‍ തന്നെ അഡൈ്വസ് മെമ്മോ കൊടുക്കണമെന്ന് ചെയര്‍മാനും ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗാര്‍ത്ഥിയുടെ അഭിപ്രായം അറിയുക എന്നുള്ള ഒരു പ്രൊസീജിയര്‍ ഇല്ല. തന്ത്രി തനിക്ക് നേരത്തെ കത്തയച്ചിരുന്നു. കഴകക്കാരന്റെയും കീഴ്ശാന്തിയുടെയും നിയമനം സംബന്ധിച്ചായിരുന്നു കത്ത്. കീഴ്ശാന്തി നിയമനത്തിലെ അഭിമുഖ പരീക്ഷയില്‍ തന്ത്രിയെ ഉള്‍പ്പെടുത്തണം എന്നായിരുന്നു ആവശ്യം. അഭിമുഖത്തില്‍ തന്ത്രിക്ക് പങ്കെടുക്കണമെന്നുണ്ടെങ്കില്‍ നിലവിലെ നിയമമനുസരിച്ച് ഭരണസമിതി പ്രതിനിധിയായി തന്ത്രിയെ അയക്കാം. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പ്രവര്‍ത്തിച്ചത് നിയമാനുസൃതമായാണെന്നും നിയമനങ്ങളില്‍ മാറ്റം വരുത്താന്‍ കോടതി ഉത്തരവ് വേണമെന്നും മോഹന്‍ദാസ് വിശദീകരിച്ചു.