കണ്ണൂര്‍ : മുന്‍ എഡിഎം കെ നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദിവ്യയുടെ ആരോപണം സാധൂകരിക്കുന്ന സാഹചര്യ തെളിവുകളും കുറ്റപത്രത്തിലുണ്ട്. നവീന്‍ ബാബുവും പ്രശാന്തനും നിരവധി തവണ ഫോണില്‍ സംസാരിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
തുടര്‍ന്നുള്ള ഔദ്യോഗിക ജീവിതത്തില്‍ ഗുരുതര വേട്ടയാടല്‍ ഉണ്ടാകുമെന്ന് നവീന്‍ ബാബു ഭയപ്പെട്ടിരുന്നു. മരണമല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന ബോധ്യത്താലാണ് ആത്മഹത്യ ചെയ്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പുലര്‍ച്ചെ 4.56 നും രാവിലെ 8 മണിക്കുമിടയിലാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. എന്‍ഒസി ലഭിക്കുന്നതിനു മുമ്പ് പ്രശാന്തന്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചിരുന്നു. എന്‍ഒസി അനുവദിക്കും മുന്‍പ് പ്രശാന്തന്‍ ക്വാര്‍ട്ടേഴ്‌സിലെത്തി നവീന്‍ ബാബുവിനെ കണ്ടിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം പ്രശാന്തന്‍ നവീന്‍ ബാബുവിന് പണം കൈമാറിയതിന് നേരിട്ടുള്ള തെളിവുകള്‍ ഇല്ല. സാധൂകരണ തെളിവുകള്‍ ഉണ്ടെങ്കിലും സ്വീകരിക്കേണ്ട നിയമ നടപടി ദിവ്യ സ്വീകരിച്ചില്ല. പൊതുമധ്യത്തില്‍ ഉന്നയിക്കും മുമ്പ് എവിടെയും പരാതി അറിയിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. പെട്രോള്‍ പമ്പിന് അപേക്ഷിച്ച ടി വി പ്രശാന്തന്‍ കേസില്‍ 43 ആം സാക്ഷിയാണ്. ആകെ 79 സാക്ഷികളാണ് ഉള്ളത്.
97 പേരുടെ മൊഴി രേഖപ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം 3 വാല്യങ്ങളിലായി 500ലേറെ പേജാണ്.
പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നായിരുന്നു പി പി ദിവ്യയുടെ ആരോപണം. എന്നാല്‍ കൈക്കൂലി വാങ്ങിയിട്ടില്ല എന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.