തൃശൂര്‍: കൂട്ടആത്മഹത്യാ ശ്രമത്തിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. ചേലക്കര മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് (34) ഇന്നലെ രാവിലെ മരിച്ചത്. ഷൈലജയോടൊപ്പം വിഷം അകത്ത് ചെന്ന നിലയില്‍ കണ്ട മകള്‍ അണിമ (6) അന്നേ ദിവസം മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മകന്‍ അക്ഷയ്(4) അപകടനില തരണം ചെയ്തു. ഷൈലജയുടെ ഭര്‍ത്താവ് പ്രദീപ് വൃക്ക രോഗത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയ്ക്ക് മുന്‍പ് മരണമടഞ്ഞിരുന്നു ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം.
ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പ്രദീപിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ചാക്കപ്പന്‍ പടിയിലെ പ്രദീപിന്റെ വീട്ടില്‍ നിന്നും ഷൈലജയും മക്കളും തിങ്കളാഴ്ച യാണ് മേപ്പാടത്തെ വീട്ടിലെത്തിയത്. വൈകീട്ടോടെ ബന്ധുക്കള്‍ വിവരങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ആരെയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അവശനിലയില്‍ കണ്ട ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അണിമ മരിച്ചു. എലിവിഷം കലര്‍ന്ന ഭക്ഷണം ഉള്ളില്‍ ചെന്നതാണ് മരണകാരണമായി പറയുന്നത്.