തൃശൂർ: ഗര്‍ഭിണിയായ നേഴ്‌സടക്കം ആറോളം സ്ത്രീകളെ മര്‍ദിച്ച കൈപ്പറമ്പ് നൈല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.ഡി.അലോക് വര്‍മ്മയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ നേഴ്‌സുമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ അറുപതോളം സ്വകാര്യ ആശുപത്രികളില്‍ നിന്നായി 2,500 ഓളം നേഴ്‌സുമാര്‍ പങ്കെടുത്തു. രാവിലെ പടിഞ്ഞാറെക്കോട്ട വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. ഡോ.അലോക് ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതായി യു.എന്‍.എ ആരോപിച്ചു.
യു.എന്‍.എ. ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി സുധീപ്.എം.വി, സംസ്ഥാന സെക്രട്ടറി രശ്മി പരമേശ്വരന്‍, സംസ്ഥാന ട്രഷറര്‍ ദിവ്യ.ഇ.എസ്., വൈസ് പ്രസിഡണ്ട് നിതിന്‍മോന്‍ സണ്ണി, ജില്ല പ്രസിഡണ്ട് ലിഫിന്‍ ജോണ്‍സണ്‍, സെക്രട്ടറി ലിജോ കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
കളക്ടര്‍ വിളിച്ച ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ജില്ലയില്‍ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങുമെന്ന് യു.എന്‍.എ സംസ്ഥാന കമ്മിറ്റി അറിയിച്ചു.