തൃശ്ശൂര്‍: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സാമൂഹ്യനീതി ഉറപ്പാക്കി മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുന്നംകുളത്ത് സിപിഎം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനം അനാവശ്യമാണ്. സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നത് വിദ്യാഭ്യാസ കച്ചവടത്തിനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ സര്‍വകലാശാലകളില്‍ പൊതു സംവരണം ഉണ്ടാകും. ചര്‍ച്ചകള്‍ തുടരുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സന്ദര്‍ശനം ആയുധ കച്ചവടം ഉറപ്പിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിക്ക് മുന്‍പ് അമേരിക്ക സന്ദര്‍ശിച്ചത് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവാണ്. അതിന് പിന്നാലെയാണ് പ്രധാനമന്ത്രി പോകുന്നത്. രണ്ട് സന്ദര്‍ശനങ്ങളും യാദൃശ്ചിക സന്ദര്‍ശനമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒരു കുറവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ നിന്ന് ഒഴിയുമ്പോള്‍ 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശികയായിരുന്നു. അന്ന് പെന്‍ഷന്‍ തുക മാസം 600 രൂപയായിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന് കുടിശ്ശിക തീര്‍ത്തു. 1600 രൂപയാണ് ഇപ്പോള്‍ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരാണ് ചില മാസങ്ങളില്‍ പെന്‍ഷന്‍ മുടങ്ങാന്‍ കാരണം. മുടങ്ങിയത് കൃത്യമായി നല്‍കുമെന്ന് പറഞ്ഞു. രണ്ടു ഗഡു ഇതിനോടകം നല്‍കി. ബാക്കി അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.