ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടി ഉര്‍വശി. വിജയരാഘവനെ മികച്ച സഹനടനായും, തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തോന്നിയത് പോലെ കൊടുക്കും, നിങ്ങള്‍ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉര്‍വശി പറഞ്ഞു. കേരള സ്റ്റോറി ഇതുവരെ കണ്ടിട്ടില്ലെന്നും വസ്തുതകള്‍ അറിയില്ല. സിനിമ കണ്ടതിനു ശേഷം പ്രതികരിക്കാമെന്നും ഉര്‍വശി പറഞ്ഞു.
ആരെയും കുറ്റപ്പെടുത്താനല്ല ഇത് പറയുന്നത്. ഇതിനകത്ത് വ്യക്തത വേണം. ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് മതി പുരസ്‌കാരം വാങ്ങുന്നത്. തരുന്നത് സന്തോഷത്തോടെ വാങ്ങിച്ചോണ്ട് പോകാന്‍ പെന്‍ഷന്‍ കാശൊന്നും അല്ലല്ലോ. ഇത്രയും കാലമായി സിനിമയ്ക്ക് വേണ്ടി നില്‍ക്കുന്നവരാണ്. മികച്ച നടന്‍, മികച്ച നടി എന്നിവയ്ക്ക് അവാര്‍ഡ് നല്‍കാനുള്ള മാനദണ്ഡം എന്താണ്. എന്തുകൊണ്ട് അത് പറഞ്ഞില്ലെന്നും അവര്‍ ചോദിച്ചു.