തൃശൂര്‍: പീച്ചി പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയായിരുന്ന പിഎം രതീഷിനെതിരെ കൂടുതല്‍ പരാതി. പീച്ചി പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയ വയോധികനെ എസ്‌ഐ പിഎം രതീഷ് മര്‍ദിച്ചതായാണ് പരാതി. പ്രധാനമന്ത്രിയുടെ മുദ്ര ലോണ്‍ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സ്ത്രീക്കൊപ്പം നിന്നുകൊണ്ടാണ് പിഎം രതീഷ് വയോധികനായ പ്രഭാകരനെ മര്‍ദിച്ചതെന്നാണ് പരാതി. സ്‌ട്രോക്ക് വന്ന തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മുഖത്ത് അടിച്ചുവെന്നും പരാതി പറഞ്ഞതിന് മര്‍ദനം തുടര്‍ന്നുവെന്നും പ്രഭാകരന്‍ പറഞ്ഞു. മനുഷ്യത്വരഹിതമായി ഒരു മൃഗത്തോട് സംസാരിക്കുന്നതുപോലെയാണ് തന്നോട് എസ്‌ഐ രതീഷ് സംസാരിച്ചതെന്ന് പ്രഭാകരന്‍ പറഞ്ഞു. തന്റെ പരാതി പരിഗണിക്കാതെ മുക്കുപ്പണ്ടം തട്ടിപ്പ് കേസില്‍ പ്രതിയായ സ്ത്രീ നല്‍കിയ പരാതിയുടെ പേരില്‍ എസ്‌ഐ തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് പ്രഭാകരന്‍ പറഞ്ഞു.
മുദ്രാ ലോണ്‍ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ താന്‍ നല്‍കിയ പരാതി അവഗണിച്ച് പ്രതിയായ സ്ത്രീക്കൊപ്പം നില്‍കുകയായിരുന്നും എസ്‌ഐ പിഎം രതീഷ്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയശേഷം തന്റെ ഭാര്യയെ പുറത്താക്കിയശേഷമാണ് തന്നെ മര്‍ദിച്ചതെന്ന് പ്രഭാകരന്‍ പറഞ്ഞു. പീച്ചി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും സ്വീകരിച്ചില്ലെന്നും പ്രഭാകരന്‍ ആരോപിച്ചു. പ്രഭാകരനെതിരെ പരാതി നല്‍കിയ സ്ത്രീ മുക്കുപ്പണം തട്ടിപ്പ് കേസിലും പ്രതിയാണ്. പിഎം രതീഷിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മര്‍ദനമേറ്റന്ന ആരോപണവുമായി പ്രഭാകരനും രംഗത്തെത്തിയത്.