തൃശൂര്‍: കുമ്മട്ടിപ്പാടത്തിലെ ഹിറ്റ് ഗാനമായ അക്കാണും മാമലയെല്ലാം എന്ന നാടന്‍ ഗാനം ആലപിച്ച് സംഗീതപ്രേമികളുടെ ഇഷ്ടഗായകനായി മാറിയ മത്തായി സുനില്‍ ഇറ്റ്‌ഫോക്കിലെ ശ്രദ്ധേയസാന്നിധ്യമായി. സുഹൃത്തായ രമേശിന്റെ നാടകമായ ആര്‍ട്ടിക് കാണാനും ഇറ്റ്‌ഫോക്കിനെക്കുറിച്ച് കൂടുതലറിയാനുമാണ് ശാസ്താംകോട്ടയില്‍ നിന്ന് മത്തായി സുനിലും കൂട്ടുകാരും സാംസ്‌കാരിക നഗരിയിലെത്തിയത്.
പുതുതലമുറയെ നാടകങ്ങളിലേക്ക് അടുപ്പിക്കാന്‍ ഇറ്റ്‌ഫോക്കിന് കഴിയുന്നുണ്ടെന്നും, താന്‍ നാടകകലാകാരന്‍ കൂടിയാണെന്നും മത്തായി സുനില്‍ പറഞ്ഞു. ഫോക് മ്യൂസിക് രംഗത്തേക്കുള്ള ആകര്‍ഷിച്ചത് കുട്ടപ്പന്‍മാഷിന്റെ സ്വാധീനഫലമാണെന്നും സുനില്‍ പറഞ്ഞു. ശാസ്താം കോട്ടയിലെ പാട്ടുപുര എന്ന ട്രൂപ്പിന്റെ മുഖ്യസാരഥികൂടിയാണ് സുനില്‍. മത്തായി സുനില്‍ ഗാനം ആലപിച്ച ഹിഗ്വിറ്റ, ഫ്ളാഷ് ബാക്ക് സ്റ്റോറി തുടങ്ങിയ അഞ്ച് സിനിമകള്‍ കൂടി റിലീസിംഗിന് തയ്യാറെടുക്കുകയാണ്.
നാടന്‍ പാട്ടുകള്‍ പാടാന്‍ പ്രത്യേക പ്രാഗത്ഭ്യം നേടിയ സുനില്‍ മുപ്പത്തഞ്ചിലധികം ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചു. ഭൂരിഭാഗവും നാടന്‍ പാട്ടുകളായിരുന്നു. കുമ്മട്ടിപ്പാടത്തിലെ ഹിറ്റായ അക്കാണും മാമലയെല്ലാം എന്ന ഗാനത്തിന് ഈണമിട്ടത് നടന്‍ വിനായകനാണ്. ഗാനരചന നിര്‍വഹിച്ചത് കവി അന്‍വര്‍ അലിയായിരുന്നു.