Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വേടനുമായി വിയ്യൂരിലെ ജ്വല്ലറിയില്‍ തെളിവെടുപ്പ് നടത്തി

തൃശ്ശൂര്‍: പുലിപ്പല്ലുള്ള മാല ധരിച്ചെന്ന കേസില്‍ വനംവകുപ്പ് അറസ്റ്റ് ചെയ്ത റാപ്പര്‍ വേടനെ (ഹിരണ്‍ദാസ് മുരളി- 30) വിയ്യൂരിലെ ജ്വല്ലറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ വിയ്യൂരിലെ സരസ ജ്വവലറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പരമ്പരാഗതമായി സ്വര്‍ണ്ണപ്പണി ചെയ്യുന്ന സന്തോഷ് എന്നയാളുടെ വീടിനോട് ചേര്‍ന്നുള്ളതാണ് ജ്വവലറി.

‘മുന്‍പരിചയമില്ല. ആരുടേയോ പരിചയത്തിന്റെ പേരില്‍ വന്നതാണ്. വേടനാണെന്ന് എനിക്ക് മനസിലായിരുന്നില്ല. പുലിപ്പല്ലാണെന്ന് മനസിലായിരുന്നില്ല. കല്ലുകെട്ടാനാണെന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. ശംഖുകെട്ടുന്നതുപോലെ അമ്പലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചെയ്യാറുണ്ടായിരുന്നത്’, തെളിവെടുപ്പിന് ശേഷം സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകനാണ് റാപ്പറെ തിരിച്ചറിഞ്ഞതെന്നും സന്തോഷ് പറഞ്ഞു.

പരമ്പരാഗതമായി ശംഖ്, മാല എന്നിവ കെട്ടിക്കൊടുക്കുന്ന സരസ ജ്വവലറിയില്‍ എട്ടുമാസംമുമ്പാണ് വേടന്‍ എത്തി പുലിപ്പല്ലുകൊണ്ടുള്ള ലോക്കറ്റ് നിര്‍മിച്ചത്. രൂപമാറ്റം ചെയ്യാനായി തനിക്ക് 1000 രൂപയില്‍ താഴെയാണ് കൂലി നല്‍കിയതെന്ന് സന്തോഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പുലിപ്പല്ലാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും സന്തോഷ് പറഞ്ഞു.

രാവിലെ ആറരയോടെയാണ് കോടനാടുനിന്ന് വനംവകുപ്പ് സംഘം വേടനുമായി വിയ്യൂരിലേക്ക് തിരിച്ചത്. വേടന്റെ സാന്നിധ്യത്തില്‍ സന്തോഷില്‍ നിന്ന് സംഘം വിവരങ്ങള്‍ ശേഖരിച്ചു.വേടന്റെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി.

പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വേടനെ രണ്ടുദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയില്‍വിട്ടിരുന്നു. തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വേണമെന്ന വനംവകുപ്പിന്റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡി അനുവദിച്ചത്. വേടന്റെ ജാമ്യാപക്ഷ മേയ് രണ്ടിന് കോടതി പരിഗണിക്കും.

.

Leave a Comment

Your email address will not be published. Required fields are marked *