തൃശൂര്‍: പതിനൊന്ന് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം പുലിക്കളി മഹോത്സവത്തിന് അണിചേരുന്ന പൂങ്കുന്നം സീതാറാം ദേശത്തിന്റെ പെണ്‍പുലിയായി പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരം നിമിഷ ബിജോയും, തളിക്കുളം സ്വദേശിനി താരയും. ചാലക്കുടി സ്വദേശിനിയായ നിമിഷ ഇതാദ്യമായാണ് പുലിക്കളിക്ക് വേഷമിടുന്നത്. ഏറേ നാളായി വ്രതമെടുത്ത് കാത്തിരുന്ന നിമിഷക്ക് പുലിവേഷമിടാന്‍ അവസരം നല്‍കിയത് പൂങ്കുന്നം സീതാറാം മില്‍ ദേശം സംഘാടകരായിരുന്നു.
2019 ൽ പുലിവേഷം കെട്ടിയ താര ഇത്തവണ മുഴുവൻ പുലിക്കളി സംഘങ്ങളേയും ബന്ധപ്പെട്ടെങ്കിലും ആരും അനുമതി നൽകിയിരുന്നില്ല. തുടർന്ന് ജില്ലാ കളക്ടറെ സമീപിക്കുകയായിരുന്നു. ജില്ലാ കളക്ടറുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് സീതാറാം മിൽ ദേശം താരയ്ക്ക് അവസരം നൽകുന്നത്.
കാര്‍ത്തിക ദീപം, ലേഡീസ് റൂം, എന്റെ മാതാ, ഭാഗ്യജാതകം എന്നീ സീരിയലുകളിലും, പത്തൊന്‍പതാം നൂറ്റാണ്ട്, അവഞ്ചേഴ്‌സ്, കോളേജ് ബ്യൂട്ടീസ് തുടങ്ങിയ ചലച്ചിത്രങ്ങളിലും നിമിഷ ബിജോ അഭിനയിച്ചിട്ടുണ്ട്.