തൃശൂര്‍: കുരിയച്ചിറയിലെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ മാലിന്യം കെട്ടിക്കിടന്ന് രൂക്ഷഗന്ധം വമിച്ചതോടെ ശക്തമായ പ്രക്ഷോഭവുമായി നാട്ടുകാര്‍. വൈകീട്ട് പ്രതിഷേധസൂചകമായി മെയിന്‍ റോഡില്‍ തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
കുരിയച്ചിറ ഒ.ഡബ്ലിയു.സി പ്ലാന്റിന്റെ അശാസ്ത്രീയപ്രവര്‍ത്തനം മൂലം കെട്ടിക്കിക്കുന്ന മാലിന്യക്കൂമ്പാരത്തില്‍ നിന്നുള്ള ഈച്ചശല്യം മൂലം ജീവിതം ദുസ്സഹമായതോടെയാണ് നിവാസികള്‍ ഒറ്റക്കെട്ടായി പ്രത്യക്ഷ പ്രക്ഷോഭത്തിന് ഇറങ്ങിയത്.
ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ക്ലീന്‍ കുരിയച്ചിറയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിന് പിന്തുണ അറിയിച്ച് കുരിയച്ചിറയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടു. എഴുന്നൂറോളം ജനങ്ങള്‍ മനുഷ്യചങ്ങലയിലും, പ്രതിജ്ഞയിലും പങ്കെടുത്തു
കുരിയച്ചിറയെ മാലിന്യമുക്തമാക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുത്തു. മനുഷ്യച്ചങ്ങലക്ക് ശേഷം കുരിയച്ചിറ സെന്ററില്‍ ചേര്‍ന്ന പ്രതിഷേധ യോഗം കുരിയച്ചിറ സെന്റ്. ജോസഫ് പള്ളി വികാരി ഫാ. തോമസ് വടക്കൂട്ട് ഉദ്ഘാടനം ചെയ്തു ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡേവിസ് കൊച്ചുവീട്ടില്‍ അധ്യക്ഷനായി. കണ്‍വീനര്‍ ഡോ. ടോമി ഫ്രാന്‍സിസ്, മാര്‍ മാറി സ്ലീവാ ചര്‍ച്ച് വികാരി ഫാ. ഡെന്നി താലോക്കാരന്‍, കൗണ്‍സിലര്‍മാരായ സിന്ധു ആന്റോ ചാക്കോള, പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനില്‍രാജ്, ലീല ടീച്ചര്‍, വിനോദ് പൊള്ളഞ്ചേരി, ആന്‍സി ജേക്കബ് പുലിക്കോട്ടില്‍, പി.ആര്‍. വില്‍സണ്‍, അഡ്വ. എന്‍.ഒ. ഈനാശു, ജിജു ജേക്കബ്, കെ.യു.ഡി.എ. പസിഡന്റ് സി.ഐ. പോള്‍, വി.എ. ജോസ് മണി, ബാബു ജി. കരിയാട്ടി തോമസ് വി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
കോര്‍പറേഷനിലെ അമ്പതോളം ഡിവിഷനുകളില്‍നിന്നുള്ള 1,500 കിലോയോളം ജൈവമാലിന്യങ്ങളാണ് പ്രതിദിനം ഇവിടെയെത്തിക്കുന്നത്. ഇവയ്‌ക്കെല്ലാംകൂടി ഒരു പ്ലാന്റാണു പ്രവര്‍ത്തിക്കുന്നത്. മാലിന്യം പൊടിക്കാനും ഉണക്കാനുമുള്ള സംവിധാനമില്ലാത്തതിനാല്‍ സംസ്‌കരിച്ച മാലിന്യത്തില്‍ ജലാംശം നിലനില്‍ക്കുന്നതാണ് ഈച്ചകള്‍ പെരുകാന്‍ ഇടയാക്കുന്നത്.
പൂരത്തിനും വിഷുവിനും ശേഷമെത്തിച്ച ചക്കയും മാങ്ങയുമടക്കമുള്ള അഴുകിയ മാലിന്യങ്ങള്‍ ഇവിടെ കെട്ടിക്കിടക്കുകയാണെന്നു നാട്ടുകാര്‍ പറഞ്ഞു. വളം പണം കൊടുത്തു വാങ്ങാന്‍ ആളില്ലാതെ വന്നതോടെ സൗജന്യമായി നല്‍കുമെന്ന് അറിയിച്ചു. എന്നാല്‍, വാങ്ങാനെത്തിയവര്‍ വളത്തിന്റെ ദുര്‍ഗന്ധം കാരണം പിന്‍മാറി. പിന്നീടു സംസ്ഥാനത്തിനു പുറത്തേക്കു നീക്കാന്‍ കരാറുകാരനുമായി ധാരണയിലെത്തിയെങ്കിയും അവിടെയും പ്രതിഷേധമുണ്ടാകാന്‍ ഇടയുണ്ടെന്നു ചൂണ്ടിക്കാട്ടി പിന്‍മാറി.