തൃശൂർ: ജനങ്ങളുടെ ന്യായമായ ആവശ്യത്തിന് മുന്നിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ കണ്ണ് തുറക്കണമെന്ന് പ്രമുഖ ഹൈ ക്കോടതി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ വി.ആർ അനൂപ് പറഞ്ഞു.ദേശീയപാത ചാവക്കാട്-പൊന്നാനി റോഡിൽ മന്ദലാംകുന്ന് അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട്,മന്ദലാംകുന്ന് സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന കളക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് റോഡുകൾക്ക് മുന്നിൽ വരെ അടിപ്പാത അനുവദിച്ചിട്ടും കൊച്ചന്നൂർ മന്ദലാംകുന്ന് ബീച്ച് പി.ഡബ്ല്യു.ഡി റോഡിൽ അടിപ്പാത അനുവദിക്കാത്ത വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ധർണ്ണ നടത്തിയത്.ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ മന്ദലാംകുന്ന് ബീച്ചിലേക്കും,ദേശീയപാതക്ക് പടിഞ്ഞാറ് ഭാഗത്തുള്ളവർ പതിനഞ്ചോളം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും, മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്നത് ബസ് റൂട്ട് ഉള്ള ഈ പി.ഡബ്ല്യു.ഡി റോഡിലൂടെയാണ്. പുന്നയൂർ പുന്നയൂർക്കുളം പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ പോകുന്ന ഈ റോഡിലൂടെ സഞ്ചരിച്ചാണ് ഇരു പഞ്ചായത്തുകളിലെയും ഓഫീസുകൾ,അനുബന്ധ സർക്കാർ ഓഫീസുകൾ, പോലീസ് സ്റ്റേഷൻ,രജിസ്റ്റർ ഓഫീസ് എന്നിവിടങ്ങളിലെ ആവശ്യങ്ങൾ നിർവഹിക്കുന്നത്. ദേശീയപാതക്ക് സമാന്തരമായുള്ള കനോലി കനാൽ കൂടി ക്രോസ് ചെയ്യാൻ കഴിയുമ്പോൾ മാത്രമാണ് ഇരുവശങ്ങളിലുള്ളവർക്ക് യാത്ര സാധ്യമാകുന്നത്. എന്നാൽ മന്ദലാംകുന്നിന് തെക്കുഭാഗത്ത് ബദർ പള്ളിയിൽ നിർമിച്ചിട്ടുള്ള വി.യു.പിക്ക് നേരെ കനോലി കനാലിൽ നടപ്പാലം മാത്രമാണുള്ളത് എന്നത് ദേശീയപാതയുടെ ഡിസൈനിങ്ങിൽ വന്നിട്ടുള്ള ഗുരുതരമായ വീഴ്ചയാണ്.ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സർവ്വകക്ഷി കൂട്ടായ്മ ചെയർമാൻ പി.കെ ഹസ്സൻ അധ്യക്ഷത വഹിച്ചു.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കമറുദ്ദീൻ,പുന്നയൂർ പഞ്ചായത്ത് മെമ്പർ അസീസ് മന്ദലാംകുന്ന്,
എ.എം അലാവുദ്ദീൻ,വി സലാം,യഹിയ മന്ദലാംകുന്ന്,എം കമാൽ എന്നിവർ സംസാരിച്ചു.സർവ്വകക്ഷി കൂട്ടായ്മ കൺവീനർ പി.എ നസീർ സ്വാഗതവും യൂസഫ് തണ്ണിതുറക്കൽ നന്ദിയും പറഞ്ഞു.ആലത്തയിൽ മൂസ,കെ.കെ അക്ബർ,ഇ.കെ സുലൈമാൻ,വടക്കയിൽ അലി,ഹുസൈൻ എടയൂർ,നജീബ് കുന്നിക്കൽ,ആർ.എസ് ഷക്കീർ,ടി.കെ താഹിർ,അൻവർ കോലയിൽ,കെ.എം ഹല്ലാജ് എം.ടി റിയാദ്,ടി.എം ജിൻഷാദ് എന്നിവർ നേതൃത്വം നൽകി.