6 ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടികയിൽ 156 ആണ് പ്രിയ വർഗീസിന്റെ റിസർച്ച് സ്ക്കോർ. റിസർച്ച് സ്ക്കോർ പട്ടികയിൽ ഏറ്റവും അവസാനമാണ് പ്രിയ. ഇൻറർവ്യൂവിൽ പ്രിയക്ക് 32 മാർക്കും സ്കറിയ്ക്ക് 30 മാർക്കാണ് ലഭിച്ചത്
2018 – ലെ യുജിസി ഉത്തരവുപ്രകാരം ഇൻറർവ്യൂവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഉദ്യോഗാർത്ഥിയെ നിയമിക്കാം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അതുപ്രകാരം പ്രിയ വർഗീസിന്റെ നിയമനം സാധൂകരിക്കാമെങ്കിലും പൂർണ്ണമായും യോഗ്യതയായ എട്ട് വർഷത്തെ അധ്യാപന യോഗ്യത പ്രിയയ്ക്ക് ഇല്ല എന്ന് ഈ വിഷയത്തിൽ ഗവർണർക്ക് പരാതി നൽകിയ സേവ് യൂണിവേഴ്സിറ്റി ഫോറം പ്രവർത്തകർ പറയുന്നു
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി ഒന്നാം റാങ്കോടു കൂടി തിരഞ്ഞെടുത്ത നിയമന നടപടി യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തു.
ഇന്ന് വൈകീട്ട് ഏഴുമണിയോടുകൂടിയാണ് ഗവർണറുടെ ഓഫീസ് നിയമന നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. കണ്ണൂർ സർവ്വകലാശാല ആക്ട് 7(3) പ്രകാരം ചാൻസിലറുടെ അധികാരം വെച്ചാണ് ഉത്തരവ് സ്റ്റേ ചെയ്തിട്ടുള്ളത്.
റിസർച്ച് സ്കോറായി 651 മാർക്കും 30 വർഷത്തെ അധ്യാപന പരിചയവുമുള്ള ചങ്ങനാശ്ശേരി എസ് ബി കോളേജിലെ മലയാള വിഭാഗം തലവൻ ജോസഫ് സ്കറിയെ മറികടന്നുകൊണ്ട് അസോസിയേറ്റ് പ്രൊഫസർ ആകാനുള്ള മാനദണ്ഡപ്രകാരം എട്ടു വർഷത്തെ പൂർണ്ണമായ അധ്യാപന പരിചയം പോലും ഇല്ല എന്ന് ആരോപണം നേരിടുന്ന പ്രിയ വർഗീസിന് ഒന്നാം റാങ്ക് സെലക്ഷൻ കമ്മിറ്റി നൽകിയത്.
6 ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടികയിൽ 156 ആണ് പ്രിയ വർഗീസിന്റെ റിസർച്ച് സ്ക്കോർ. റിസർച്ച് സ്ക്കോർ പട്ടികയിൽ ഏറ്റവും അവസാനമാണ് പ്രിയ. ഇൻറർവ്യൂവിൽ പ്രിയക്ക് 32 മാർക്കും സ്കറിയ്ക്ക് 30 മാർക്കാണ് ലഭിച്ചത്.
എന്നാൽ റിസർച്ച് സ്ക്കോർ 75 ഉള്ള ആൾക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത ഉണ്ട് എന്നും ഇൻറർവ്യൂവിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രിയക്ക് ഒന്നാം റാങ്ക് ലഭിക്കുകയായിരുന്നു എന്നുമാണ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ വാദം. ഇതേ വാദം തന്നെയാണ് എട്ട് സെർച്ച് കമ്മിറ്റി അംഗങ്ങളും പ്രിയ വർഗീസും ഉന്നയിക്കുന്നത്.
2018 – ലെ യുജിസി ഉത്തരവുപ്രകാരം ഇൻറർവ്യൂവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഉദ്യോഗാർത്ഥിയെ നിയമിക്കാം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അതുപ്രകാരം പ്രിയ വർഗീസിന്റെ നിയമനം സാധൂകരിക്കാമെങ്കിലും പൂർണ്ണമായും യോഗ്യതയായ എട്ട് വർഷത്തെ അധ്യാപന യോഗ്യത പ്രിയയ്ക്ക് ഇല്ല എന്ന് ഈ വിഷയത്തിൽ ഗവർണർക്ക് പരാതി നൽകിയ സേവ് യൂണിവേഴ്സിറ്റി ഫോറം പ്രവർത്തകർ പറയുന്നു.
ഗവേഷണത്തിന് ഗൈഡായും, സ്റ്റുഡൻസ് സർവീസ് ഡയറക്ടറായും പ്രവർത്തിച്ച വർഷങ്ങൾ പ്രിയയുടെ പ്രവർത്തി പരിചയത്തിൽ നിന്ന് മാറ്റിയാൽ കേവലം നാലുവർഷം മാത്രമാണ് അവരുടെ പൂർണ്ണമായുള്ള അധ്യാപന പരിചയം എന്ന് പരാതിക്കാർ പറയുന്നു.
ഉത്തരവ് മരവിപ്പിക്കാൻ ഗവർണർ ആധാരമാക്കിയ യൂണിവേഴ്സിറ്റി ആക്ക്റ്റിലെ 7 (3) നിയമപ്രകാരം ഇത്തരമൊരു നടപടി എടുക്കുന്നതിന് മുൻപ് വി.സി.ക്കും ബന്ധപ്പെട്ടവർക്കും കാരണംകാണിക്കൽ നോട്ടീസ് നൽകണമെന്ന് കണ്ണൂർ വി.സി. ഗോപിനാഥ് രവീന്ദ്രൻ ഗവർണറുടെ നടപടികൾ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നശേഷം പ്രതികരിച്ചു. മറ്റന്നാൾ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി ലഭിച്ചശേഷം ഈ വിഷയത്തിൽ ഗവർണർ വി.സിയോട് വിശദീകരണം ചോദിച്ചിടുണ്ട് എന്നാണ് വിവരം. ഒന്നാം റാങ്കുകാരിയായി പ്രിയ വർഗീസിനെ തിരഞ്ഞെടുത്ത നടപടിക്രമം മരവിപ്പിക്കാൻ ഗവർണർ ഉത്തരവിറക്കിയ സാഹചര്യത്തിൽ രണ്ടാം റാങ്കുകാരനായ തനിക്ക് നിയമനത്തിന് സാധ്യതയുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് ജോസഫ് സ്ക്കറിയ പ്രതികരിച്ചു.
രാഗേഷിന്റെ ഭാര്യക്ക് നിയമനം കൊടുക്കുന്നതിന്റെ പ്രത്യുപകാരമായാണ് ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വി.സിയായി പുനർ നിയമനം ലഭിച്ചത് എന്ന ആരോപണം അതിശക്തമാണ്. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു വി.സിക്ക് പുനർ നിയമനം ലഭിച്ചത്. സാങ്കേതികമായ തടസ്സങ്ങൾ ഇല്ലാത്തതിനാൽ ഹൈക്കോടതി പുനർനിയമനം അംഗീകരിച്ചിരുന്നു. താൻ ചാൻസിലറായി ഇരിക്കുന്നിടത്തോളം സ്വജനപക്ഷപാദം അനുവദിക്കുന്ന പ്രശ്നമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവ് മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവരുന്നതിന് അരമണിക്കൂർ മുൻപ് പ്രതികരിച്ചിരുന്നു.