ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. മാധ്യമങ്ങളില്‍ വ്യത്യസ്ത അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമില്ല. ഹൈക്കമാന്‍ഡ് പൂര്‍ണ നിരീക്ഷണം നടത്തും. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയിലായിരുന്നു ഹൈ്ക്കമാന്‍ഡിന്റെ തീരുമാനം.
കെ സുധാകരന്‍ തന്നെ കെപിസിസി അധ്യക്ഷനായി തല്‍ക്കാലം തുടരും. കെപിസിസി തലത്തില്‍ പുനസംഘടന ഉടനുണ്ടാകില്ല. പരാതിയുള്ള ഡിസിസികളില്‍ മാത്രം പുനസംഘടന നടത്താനും യോഗത്തില്‍ തീരുമാനിച്ചു.
പാര്‍ട്ടിയുടെ കൂടെ നില്‍ക്കുമെന്ന് ശശി തരൂര്‍ യോഗത്തില്‍ അറിയിച്ചു. പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും ശശി തരൂര്‍ യോഗത്തില്‍ അറിയിച്ചു.